Image

യു.എസ്. ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

പി പി ചെറിയാന്‍ Published on 24 November, 2026
യു.എസ്. ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

വാഷിംഗ്ടണ്‍ ഡി സി :അമേരിക്കന്‍ സ്ഥിരതാമസക്കാര്‍ (ഗ്രീന്‍ കാര്‍ഡ് ഉടമകള്‍) വിദേശയാത്രകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാകുന്നു. കൃത്യമായ രേഖകളില്ലാതെ ദീര്‍ഘകാലം വിദേശത്ത് തങ്ങുന്നത് സ്ഥിരതാമസ പദവി  നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

6 മാസത്തില്‍ താഴെയുള്ള യാത്രകള്‍ക്ക്,സാധാരണ വിനോദയാത്രകള്‍ക്കോ ഹ്രസ്വസന്ദര്‍ശനങ്ങള്‍ക്കോ സാധുവായ ഗ്രീന്‍ കാര്‍ഡ്  മാത്രം മതിയാകും. ഇത് താമസപദവിക്ക് ഭീഷണിയാകില്ല.

6 മാസം മുതല്‍ 1 വര്‍ഷം വരെ ഗ്രീന്‍ കാര്‍ഡ് ഉപയോഗിച്ച് തിരിച്ചെത്താമെങ്കിലും, അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുള്ള താല്പര്യത്തെക്കുറിച്ച് അതിര്‍ത്തി ഉദ്യോഗസ്ഥരുടെ  കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് സാധ്യതയുണ്ട്.  

ഒരു വര്‍ഷമോ അതില്‍ കൂടുതലോ വിദേശത്ത് നില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അമേരിക്ക വിടുന്നതിന് മുന്‍പ് തന്നെ ഫോം I-131 (Form I-131) വഴി റീ-എന്‍ട്രി പെര്‍മിറ്റിന് (Re-Entry Permit) അപേക്ഷിക്കുകയും ബയോമെട്രിക്‌സ് നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ഇത് രണ്ട് വര്‍ഷം വരെ വിദേശത്ത് തങ്ങാന്‍ അനുവദിക്കും. പെര്‍മിറ്റില്ലാതെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പുറത്തുനിന്നാല്‍ ഗ്രീന്‍ കാര്‍ഡ് അസാധുവാകാനും എസ്.ബി-1  റിട്ടേണിംഗ് റസിഡന്റ് വിസ വേണ്ടിവരാനും സാധ്യതയുണ്ട്.  

റീ-എന്‍ട്രി പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും, ദീര്‍ഘകാലത്തെ വിദേശവാസം ഭാവിയില്‍ യു.എസ്. പൗരത്വത്തിന്  അപേക്ഷിക്കുന്നതിനുള്ള 'തുടര്‍ച്ചയായ താമസ' (Continuous Residence) നിബന്ധനയെ ബാധിക്കാം. കൂടാതെ, വിമാനത്താവളങ്ങളില്‍ വെച്ച് ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിക്കുന്നതിനുള്ള ഫോം I-407 ഒപ്പിടാന്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ജാഗ്രത പാലിക്കണമെന്നും, അമേരിക്കയുമായുള്ള ബന്ധം തെളിയിക്കുന്ന നികുതി രേഖകള്‍, വീട്, ജോലി എന്നിവയുടെ തെളിവുകള്‍ യാത്രയില്‍ കരുതണമെന്നും നിര്‍ദ്ദേശമുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക