Image

തെരുവുനായ്ക്കള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കി; ഇടുക്കി എന്‍ജിനിയറിങ് കോളേജ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Published on 24 November, 2026
 തെരുവുനായ്ക്കള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കി; ഇടുക്കി എന്‍ജിനിയറിങ് കോളേജ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ചെറുതോണി: പൊതുസ്ഥലത്ത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് ഇടുക്കി എന്‍ജിനിയറിങ് കോളേജ് ബസ് ഡ്രൈവര്‍ റോയിയെ പോലീസ് അറസ്റ്റുചെയ്തു.  ഇന്ന് പുലര്‍ച്ചെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം നേരിട്ടെത്തി റോയിക്കെതിരേ നടപടി സ്വീകരിച്ചത്.

ചെറുതോണി, പൈനാവ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായ്ക്കള്‍ക്ക് റോയ് എല്ലാ ദിവസവും ഭക്ഷണം നല്‍കിവരുകയായിരുന്നു. 
ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതുകൊണ്ടാണ് നായ്ക്കള്‍ അക്രമാസക്തരാകാത്തതെന്നാണ് റോയിയുടെ വാദം. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെതിരേ അധികൃതര്‍ നേരത്തെയും റോയിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിലക്കുകള്‍ അവഗണിച്ചും ഭക്ഷണം നല്‍കുന്നത് തുടരുകയായിരുന്നു.

സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് തെരുവുനായ്ക്കള്‍ക്ക് പൊതുനിരത്തുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഭക്ഷണംനല്‍കുന്നത് വിലക്കുകയും ഓരോ മുനിസിപ്പല്‍ വാര്‍ഡിലും പ്രത്യേക ഭക്ഷണസ്ഥലങ്ങള്‍ ഒരുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയുംചെയ്തത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ഈ നിര്‍ദേശങ്ങള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാക്കിയിരുന്നു. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റോയിക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. കോവിഡ് കാലത്താണ് റോയി ഇത്തരത്തില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കല്‍ ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനപ്രകാരമായിരുന്നു ഇത്തരത്തില്‍ ഭക്ഷണം നല്‍കല്‍ ആരംഭിച്ചതെന്ന് റോയ് പിന്നീട് വെളിപ്പെടുത്തി. ഒരിക്കല്‍ ഭക്ഷണം കൊടുത്തു തുടങ്ങിയാല്‍ പിന്നീട് എല്ലാ ദിവസവും ഇതേ സമയത്ത് നായ്ക്കള്‍ ഈ സ്ഥലത്ത് എത്തും എന്നതുകൊണ്ടു റോയിക്ക് പിന്നീട് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിച്ചില്ല.

പഞ്ചായത്ത് സംവിധാനങ്ങള്‍ തെരുവുനായ്ക്കളെ പ്രദേശത്തുനിന്ന് മാറ്റുന്നതിനുള്ള നടപടികളും സ്വീകരിച്ചില്ല. തെരുവുനായ്ക്കളുടെ വിഷയത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്ന് ജില്ലാ ഭരണകൂടം വ്യക്തതവരുത്തണമെന്ന ആവശ്യവും ശക്തമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക