Image

പി ജയരാജന് ഇടുക്കിയില്‍ റിസോര്‍ട്ട്, സ്വര്‍ണക്കടത്തുകാരന്‍ പങ്കാളി, സ്വന്തം ക്വട്ടേഷന്‍ സംഘം; ആരോപണവുമായി ഇ.പി ജയരാജനും

Published on 24 November, 2026
 പി ജയരാജന് ഇടുക്കിയില്‍ റിസോര്‍ട്ട്, സ്വര്‍ണക്കടത്തുകാരന്‍ പങ്കാളി, സ്വന്തം ക്വട്ടേഷന്‍ സംഘം; ആരോപണവുമായി ഇ.പി ജയരാജനും

തിരുവനന്തപുരം: ഭാര്യക്കും മകനും പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ പേരില്‍ തനിക്കെതിരേ നിരന്തരം ആരോപണം ഉയര്‍ത്തിയ പി. ജയരാജനെ കുരുക്കാന്‍, റിസോര്‍ട്ട് തന്നെ ആയുധമാക്കി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. സ്വര്‍ണക്കടത്തുകാരനെ പങ്കാളിയാക്കി ഇടുക്കിയില്‍ പി. ജയരാജന്‍ റിസോര്‍ട്ട് തുടങ്ങിയെന്നാണ് ഇ.പി.യുടെ ആരോപണം.
ഇടുക്കിയിലെ മാങ്കുളം വില്ലേജില്‍ അഞ്ചുനിലകളിലുള്ള ഹോട്ടലും റിസോര്‍ട്ടുമായി പി. ജയരാജന്റെ ബന്ധമെന്താണെന്നാണ് ഇ.പി. പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലെ ചോദ്യം. ഇതിന്റെ പണി നടക്കുന്ന സമയത്ത് ജയരാജന്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു. ഉദ്ഘാടനത്തിന് കുടുംബസമേതം എത്തി. ഈ റിസോര്‍ട്ട് ഉടമസ്ഥരുടെ ബോര്‍ഡ് യോഗം ദുബായിലാണ് ചേരാറുള്ളത്. അതില്‍ ജയരാജനാണ് അധ്യക്ഷത വഹിക്കാറ്. സ്വര്‍ണക്കടത്തുകാരനായ ഏറ്റുമാനൂര്‍ സ്വദേശിയുമായി പി. ജയരാജനുള്ള ബന്ധം അന്വേഷിക്കണമെന്നും ഇ.പി. ആവശ്യപ്പെടുന്നു. ഇടുക്കിയിലെ റിസോര്‍ട്ട് സംബന്ധിച്ച് അവിടത്തെ ജില്ലാകമ്മിറ്റി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകാന്‍ തടസ്സം നില്‍ക്കുന്നത് പിണറായി വിജയനാണെന്ന് പ്രചരിപ്പിച്ചു. പിണറായിയുടെയും മകളുടെയും പേരിലുള്ള കേസിന്റെ വിവരം ശേഖരിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ഇത് പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച് ചര്‍ച്ചയാക്കാന്‍ ശ്രമിച്ചു.


പി. ശശിയുടെ പേരിലുള്ള ലൈംഗിക ആരോപണക്കേസ് പി. ജയരാജന്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നും ഉന്നയിച്ചു. ശശിക്ക് കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനം നഷ്ടമായാല്‍ ആ പദവിയിലേക്ക് എത്താനാകുമെന്ന കണക്കുകൂട്ടലായിരുന്നു ഇതിനു പിന്നില്‍ -ഇ.പി. കുറ്റപ്പെടുത്തുന്നു.

ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘവുമായി പി. ജയരാജനുള്ള ബന്ധത്തെക്കുറിച്ചും ഗുരുതരമായ ആരോപണമാണ് ഇ.പി. പാര്‍ട്ടിക്ക് നല്‍കിയത്. കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന ഘട്ടംമുതല്‍ ആ സ്ഥാനം ഉപയോഗിച്ച് ജില്ലയിലും പുറത്തും ക്വട്ടേഷന്‍ സംഘങ്ങളുണ്ടാക്കി. ക്വട്ടേഷന്‍ അംഗമായിരുന്നവര്‍ക്ക് പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസ് ഒരുക്കിക്കൊടുത്തു. സ്വന്തം ആവശ്യത്തിനും ഇത്തരം സംഘങ്ങളുടെ സഹായമാണ് പി. ജയരാജന്‍ തേടുന്നത്. കണ്ണൂരിലെ സ്വര്‍ണക്കടത്തുകാരന്റെ ഫ്ളാറ്റില്‍ ജയരാജന്‍ രഹസ്യമായി താമസിക്കാറുണ്ട്. ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കണ്ണൂരിലെ ഒരു സ്വര്‍ണക്കടത്തുകാരന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു പി. ജയരാജനെന്നും പരാതിയില്‍ ആരോപിക്കുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക