
കൊട്ടാരക്കര: ആദ്യവിവാഹം മറച്ചുെവച്ച് രണ്ടാം വിവാഹം നടത്തിയെന്ന കേസില്‍ ചോറ്റാനിക്കര എരുവേലി കായംപിള്ളിയില്‍ ഹൗസില്‍ ഇന്ദ്രജിത്തി(32)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വാളകം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. താന്‍ വിവാഹിതനല്ലെന്നു സാക്ഷ്യപ്പെടുത്താന്‍ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍ എന്നിവരുടെ വ്യാജ സത്യവാങ്മൂലം ഇയാള്‍ തയ്യാറാക്കിയതായും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ജൂലായ് 12-നാണ് ഇയാള്‍ വാളകം സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഇതിനുമുന്‍പ് 2023 ജൂലായ് 14-ന് ഇടുക്കി സ്വദേശിനിയെ ഇയാള്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തിരുന്നു. എറണാകുളം കുടുംബ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025 ഫെബ്രുവരി ഒന്നിന് വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു.
ഇതു മറച്ചുവെച്ചാണ് ഇയാള്‍ വാളകം സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹാലോചന സമയത്തോ വിവാഹവേളയിലോ താന്‍ മുന്‍പ് വിവാഹം കഴിച്ചിരുന്ന കാര്യം ഇയാള്‍ പറഞ്ഞിരുന്നില്ല. വര്‍ക്കല ശിവഗിരിയിലും ആറ്റുകാല്‍ ക്ഷേത്രത്തിലും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്, മുന്‍പ് വിവാഹം നടന്നിട്ടില്ലെന്നതിനു സാക്ഷ്യപത്രമോ, വിവാഹിതനാണെങ്കില്‍ നിയമപരമായി ബന്ധം വേര്‍പെടുത്തിയതിന്റെ സര്‍ട്ടിഫിക്കറ്റോ നല്‍കണം.
പെണ്‍കുട്ടിയെയും വീട്ടുകാരെയും കബളിപ്പിക്കാന്‍ കണയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെമ്പറുടെയും പേരിലുള്ള സത്യവാങ്മൂലമാണ് ഹാജരാക്കിയത്. യുവാവിനെ വര്‍ഷങ്ങളായി തങ്ങള്‍ക്ക് അറിയാമെന്നും ഇയാള്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ലെന്നുമുള്ള ജനപ്രതിനിധികളുടെ 'സത്യവാങ്മൂലത്തി'ന്റെ അടിസ്ഥാനത്തിലാണ് ശിവഗിരിയില്‍ മാലയിടല്‍ ചടങ്ങും ആറ്റുകാലില്‍ ജൂലായ് 12-ന് വിവാഹവും നടത്തിയത്.
ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഭിന്നതയുണ്ടായതോടെ യുവതിയുടെ വീട്ടുകാര്‍ യുവാവിനും ബന്ധുക്കള്‍ക്കുമെതിരേ സ്ത്രീധനപീഡനത്തിന് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. അന്വേഷണവേളയിലാണ് ഇയാള്‍ മുന്‍പ് വിവാഹം കഴിച്ചിരുന്നതായി കണ്ടെത്തുകയും വിവാഹം നടക്കാനായി ഹാജരാക്കിയത് വ്യാജസത്യവാങ്മൂലമാണെന്നു തിരിച്ചറിഞ്ഞതും. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊട്ടാരക്കര എസ്.എച്ച്.ഒ. ഹേമന്ത് മാഹന്‍ പറഞ്ഞു.