
കോഴിക്കോട്: മീഞ്ചന്ത ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ മര്‍ദിച്ച കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം വേങ്ങര സ്വദേശികളായ പാലശ്ശേരി ഉവൈസ് (24), ചോലക്കല്‍ അബ്ദുള്‍ ഗഫൂര്‍ (27), മണ്ടോടന്‍ മുഹമ്മദ് ഫാഹിസ് (26) എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ്‌ചെയ്തത്.
കാസര്‍കോട് ഷിരിവായൂര്‍ ഉളിയത്തടുക്ക ഉമെയ്ബ മന്‍സിലില്‍ എം. ബദറുദ്ദീ (46)നാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകീട്ട് 6.30-ന് ആയിരുന്നു സംഭവം. ബസ് കാറിനെ മറികടക്കാന്‍ അനുവദിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു മര്‍ദനം. ചേളാരിയില്‍നിന്ന് തുടങ്ങി ബസിനെ പിന്‍തുടര്‍ന്ന് വന്ന് മീഞ്ചന്തവെച്ച് ബസിന്റെ മുന്നിലേക്ക് കാറിട്ട് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഡ്രൈവറെ സീറ്റില്‍നിന്നും വലിച്ചിറക്കാന്‍ ശ്രമിക്കുകയും താടിക്ക് കൈകൊണ്ടിടിക്കുകയും ചുണ്ടിന്റെ ഭാഗത്ത് കൈ ചുരുട്ടി ഇടിക്കുകയുമായിരുന്നു. ചുണ്ടിന് മുറിവേറ്റു. കാറില്‍ ഒന്‍പത് പേരുണ്ടായിരുന്നെന്നും ഇതില്‍ മൂന്നുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ബദറുദ്ദീന്‍ പറഞ്ഞു.