
വാഷിംഗ്ടണ്‍ : ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതായി ഹൗസ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇദ്ദേഹം ഡിസംബര്‍ ഒന്നിന് പദവിയൊഴിയും.
ഹൗസ് സ്റ്റാഫ് അംഗത്തോട് അധികാര ദുര്‍വിനിയോഗം നടത്തി മോശമായി പെരുമാറിയെന്നാണ് എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 ഫെബ്രുവരിയില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു ബാറില്‍ വെച്ചും പിന്നീട് ഓഫീസില്‍ വെച്ചും തനിക്ക് നേരെ മോശം അതിക്രമം ഉണ്ടായതായി 'സാക്ഷി 1' എന്ന് രേഖപ്പെടുത്തിയ യുവതി കമ്മിറ്റിക്ക് മൊഴി നല്‍കിയിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായ യുവതി ജോലി രാജിവെക്കുകയായിരുന്നു.
അതേസമയം, കമ്മിറ്റിയുടെ കണ്ടെത്തലുകളോട് കടുത്ത വിയോജിപ്പുണ്ടെങ്കിലും രാജിവെക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് 51-കാരനായ ഗോമസ് പ്രതികരിച്ചു. വിവാഹബന്ധത്തിന് പുറത്തുണ്ടായ വ്യക്തിപരമായ തെറ്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഈ മാസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ആഞ്ചല ഗോണ്‍സാലസ്-ടോറസിനോട് 25 ശതമാനത്തോളം വോട്ടുകള്‍ക്ക് ഗോമസ് പരാജയപ്പെട്ടിരുന്നു. വര്‍ഷാവസാനം കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇദ്ദേഹം നേരത്തെ രാജിവെക്കുന്നത്.