
ആലപ്പുഴ: പക്ഷിപ്പനിഭീതി കോഴിയിറച്ചിവിപണിയില്‍ വന്‍ തിരിച്ചടിയായി. രോഗഭീതിയില്‍ ഉപഭോക്താക്കള്‍ കോഴിയിറച്ചി വാങ്ങുന്നത് കുറച്ചതോടെ ഫാമുകളിലും മൊത്തവിപണിയിലും വില ഇടിഞ്ഞു. ഒരാഴ്ചകൊണ്ട് കിലോയ്ക്ക് 20 രൂപയോളമാണ് കുറഞ്ഞത്. 145-150 രൂപയായിരുന്ന കോഴിയിറച്ചിയുടെ വില ഇപ്പോള്‍ 125-130 രൂപയായി താഴ്ന്നു. വിലയിടിവ് കര്‍ഷകരെയും ഇറച്ചിവ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു.
സാധാരണക്കാര്‍ കോഴിയിറച്ചി വാങ്ങുന്നതില്‍നിന്നു വിട്ടുനില്‍ക്കുകയോ അളവു കുറയ്ക്കുകയോ ചെയ്യുന്നുണ്ട്. കൂടാതെ, ഹോട്ടല്‍ഭക്ഷണങ്ങളില്‍നിന്നു കോഴിവിഭവങ്ങള്‍ വാങ്ങുന്നതും കുറഞ്ഞിട്ടുണ്ട്. ബ്രോയിലര്‍ കോഴികളുടെ ഫാം വിലയിലും ഇടിവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് അഞ്ചുമുതല്‍ പത്തുവരെ രൂപ കുറഞ്ഞതായാണ് കര്‍ഷകര്‍ പറയുന്നത്.
തമിഴ്‌നാട്ടിലെ പ്രധാന കോഴി-മുട്ട ഉത്പാദനകേന്ദ്രമായ നാമക്കലില്‍ പക്ഷിപ്പനിഭീതി വ്യാപിച്ചത് കേരളത്തിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കടലൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ നാമക്കലില്‍നിന്നുള്ള മുട്ട കയറ്റുമതിയും പ്രതിസന്ധിയിലായി.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കോഴികളെ വളര്‍ത്തിയ കര്‍ഷകരെയാണ് പക്ഷിപ്പനി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഉത്സവകാലത്ത് വില ഉയരുമെന്നും വില്‍പ്പന വര്‍ധിക്കുമെന്നും പ്രതീക്ഷിച്ച് കൂടുതല്‍ കോഴികളെ വളര്‍ത്തിയിരുന്ന കര്‍ഷകര്‍ക്കാണ് തിരിച്ചടിയായത്. തീറ്റച്ചെലവു വര്‍ധിക്കുന്നതിനിടെ വില താഴ്ന്നത് ഉത്പാദനച്ചെലവുപോലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നു.
കോഴിയിറച്ചി വില്‍പ്പന കുറഞ്ഞതോടെ കടകളില്‍ എത്തിക്കുന്ന കോഴികളുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നു. ജീവനക്കാരുടെ വേതനം, കടവാടക, വൈദ്യുതിച്ചെലവ് തുടങ്ങിയ പതിവുചെലവുകള്‍ വഹിക്കാനും ബുദ്ധിമുട്ടാകുന്നു.