Image

കേസ് അന്വേഷണത്തിനിടെ പോലീസുകാരെ കാര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം

Published on 24 November, 2026
 കേസ് അന്വേഷണത്തിനിടെ പോലീസുകാരെ കാര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം

 

കൊണ്ടോട്ടി: പെട്രോള്‍ പമ്പില്‍നിന്ന് പണം തട്ടിയ കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഇടിപ്പിച്ച് പോലീസുകാരെ അപായപ്പെടുത്താന്‍ ശ്രമം. കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ. പത്മരാജ്, എസ്.സി.പി.ഒ. ഷിനോജ് എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇരുവരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടി പതിനേഴിലെ പമ്പില്‍ ആഡംബര വാഹനത്തില്‍ വന്ന യുവാവ് ഓണ്‍ലൈനായി അയച്ചുകൊടുക്കാമെന്ന് പറഞ്ഞ് 22000 രൂപ കൈപ്പറ്റി, എന്നാല്‍ ഈ പണം എടുക്കാനാകാതെ ഇടപാട് മരവിപ്പിക്കപ്പെട്ടതിന്റെ അന്വേഷണത്തിനിടെയാണ് പോലീസിനുനേരെ ആക്രമണമുണ്ടായത്. പമ്പ് മാനേജര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പള്ളിക്കല്‍ സ്വദേശിയുടേതാണ് വാഹനമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ബന്ധപ്പെട്ടപ്പോള്‍, 40,000 രൂപ കൊടുക്കാനുള്ള നാട്ടുകാരന്‍ ഡാനിഷിന്റെ കൈവശമാണ് വാഹനമെന്ന് അറിയിച്ചു. ഈ വാഹനം കിഴിശ്ശേരി ഭാഗത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പോലീസ്  സംഘവും വാഹനയുടമയും പുറപ്പെട്ടത്.

ടീച്ചര്‍പ്പടി ഭാഗത്ത് കണ്ടെത്തിയ ആഡംബര വാഹനം തന്റെ ബൈക്ക് റോഡില്‍ വിലങ്ങിട്ട് നിര്‍ത്താന്‍ ഉടമ ശ്രമിച്ചു. എന്നാല്‍ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് യുവാവ് വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐ. പത്മരാജിനും സി.പി.ഒ. ഷിനോജിനും പരിക്കേറ്റത്. പത്മരാജിന് കൈവിരലിനാണ് പരിക്കേറ്റത്. ഇരുവരും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വാഹനം പിന്നീട് അരീക്കോട് പൂങ്കുടി ഭാഗത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം തുടങ്ങി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക