
കോട്ടയം: ഭിന്നശേഷിക്കാര്‍ക്കായി ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വലിയപദ്ധതി ഡിസംബര്‍ രണ്ടിന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. രാജ്യത്തിന് മുഴുവന്‍ മാതൃകയാകുന്ന പദ്ധതിയായിരിക്കും. ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ വലിയസങ്കടമാണ് അവരുടെകാലം കഴിഞ്ഞാല്‍ കുഞ്ഞുങ്ങളെ ആരു നോക്കുമെന്നത്. നിങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങള്‍ നോക്കുമെന്ന് ആ മാതാപിതാക്കളോട് പറയാന്‍ നമുക്ക് കഴിയണം -മുഖ്യമന്ത്രി പറഞ്ഞു.
മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 12-ാം വാര്‍ഷികാഘോഷവും സി.എം.ഐ. സഭയുടെ ഇരുനൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഭവനരഹിതര്‍ക്കായി നിര്‍മിക്കുന്ന സ്നേഹഭവനങ്ങളുടെ നിര്‍മാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി മോന്‍സ് ജോസഫ് വിശുദ്ധ ചാവറ അനുസ്മരണം നടത്തി. സി.എം.ഐ. സഭ പ്രയോര്‍ ജനറല്‍ ഫാ. ഡോ. പോള്‍ ആച്ചാണ്ടി അധ്യക്ഷതവഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., വികാരി ജനറല്‍ ഫാ. ബെന്നി നല്‍ക്കര, തിരുവനന്തപുരം സെയ്ന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ടോമി കാട്ടാമ്പള്ളി, കെ.പി.സി.സി. ജനറല്‍സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. ജോസഫ് വട്ടപ്പറമ്പില്‍, ഫാ. ടോം അറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.