
ഹിജാബോ ബുർഖയോ ധരിക്കാനോ ധരിക്കാതിരിക്കാനോ ആരെയും നിർബന്ധിക്കരുതെന്ന് മുതിർന്ന ബോളിവുഡ് നടി ഷബാന ആസ്മി. മതപരമായ ആചാരങ്ങൾ പിന്തുടരുന്നില്ലെങ്കിലും സാംസ്കാരികമായി താനൊരു മുസ്ലിമാണെന്ന് വ്യക്തമാക്കിയിട്ടുള്ള ശബാന, ഉഷാ കാകഡെയുമായുള്ള ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് വർഷങ്ങളായി ചർച്ചയാകുന്ന ബുർഖ-ഹിജാബ് വിഷയത്തിൽ തന്റെ നിലപാട് തുറന്നുപറഞ്ഞത്.
ഖുർആൻ പറയുന്നതിനെക്കുറിച്ച് ശബാന ആസ്മി
"ഇത്തരത്തിൽ ബുർഖ ധരിക്കണമെന്ന് ഖുർആനിൽ ഒരിടത്തും പറഞ്ഞിട്ടില്ല. കണ്ണുകളിൽ മാന്യതയും അടക്കവും വേണമെന്ന് മാത്രമാണ് ഖുർആനിൽ എഴുതിയിരിക്കുന്നത്. ആ മാന്യത സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ്," ഷബാന ആസ്മി പറഞ്ഞു. സ്ത്രീകൾ പർദ ധരിക്കണമെന്ന് ഖുർആൻ അനുശാസിക്കുന്നുവെന്ന തരത്തിൽ മതപഠനങ്ങളെ വളച്ചൊടിക്കുന്നതിനും ആശയക്കുഴപ്പമുണ്ടാക്കുന്നതിനും പിന്നിൽ 'ഇടനിലക്കാരാണെന്നും' അവർ കുറ്റപ്പെടുത്തി.
"ഞാൻ ബുർഖ ധരിക്കാറില്ല. പക്ഷേ, എനിക്ക് ബുർഖ ധരിക്കാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ, ഞാൻ മൂന്ന് ബുർഖകൾ ഒരുമിച്ച് ധരിക്കും. എന്നോട് അങ്ങനെ പറയാൻ നിങ്ങൾ ആരാണ്? എന്നാൽ മതേതരത്വത്തിന്റെ മറവിൽ മതമൗലികവാദം പ്രചരിപ്പിക്കാനും അനുവദിക്കാനാവില്ല," ഷബാന ആസ്മി വ്യക്തമാക്കി.