Image

ഐ.ഐ.പി.ഡി പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 23ന് സമര്‍പ്പിക്കും: ഗോപിനാഥ് മുതുകാട്

Published on 23 November, 2026
ഐ.ഐ.പി.ഡി പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 23ന് സമര്‍പ്പിക്കും: ഗോപിനാഥ് മുതുകാട്

 

കാസര്‍ഗോഡ്: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ ആദ്യഘട്ടം 2027 ഫെബ്രുവരി 23ന് നാടിന് സമര്‍പ്പിക്കും. 

2025 ഫെബ്രുവരി 23നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.  ആയിരം ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പദ്ധതിയുടെ സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞത്.  എന്നാല്‍ എഴുന്നൂറില്‍പ്പരം ദിവസങ്ങള്‍ കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനായി. ദാമോദര്‍ ആര്‍ക്കിടെക്റ്റും ഊരാളുങ്കല്‍ സൊസൈറ്റിയുമാണ് ഡിസൈന്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.   നീലേശ്വരം മടിക്കൈ അടുക്കത്ത് പറമ്പില്‍ 30 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്ന പദ്ധതി മൂന്ന് ഘട്ടമായാണ് പൂര്‍ത്തിയാവുക.  

30 കോടിയില്‍പ്പരം രൂപ ചെലവില്‍ 35000 ചതുരശ്ര അടിയിലാണ് ഒന്നാം ഘട്ടം നിര്‍മിച്ചിരിക്കുന്നത്. 2 മുതല്‍ 6 വയസ്സുവരെയുള്ള ഭിന്നശേഷിക്കുട്ടികള്‍ക്കായി ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, 7 മുതല്‍ 22 വയസ്സ് വരെയുള്ളവര്‍ക്കായി തെറപ്പി റിഹാബിലിറ്റേഷന്‍, തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ ആര്‍ട് ട്രയിനിംഗ് സെന്റര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവുന്നത്.  

തെറപ്പി റിഹാബിലിറ്റേഷന്‍ ബ്ലോക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒമ്പതോളം തെറപ്പി സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.  ഫിസിയോ തെറപ്പി, എ.ഐ അസിസ്റ്റഡ് തെറപ്പി, ഒക്കുപേഷണല്‍ തെറപ്പി, സൈക്കോളജി, സ്പീച്ച് ആന്‍ഡ് ഓഡിയോ, സെന്‍സറി തെറപ്പി, വിര്‍ച്വല്‍ റിയാലിറ്റി, ദൈനംദിന ജീവിതചര്യകളെ പരിശീലിപ്പിക്കുന്ന എ.ഡി.എല്‍ വിഭാഗം, ദന്തല്‍ വിഭാഗം തുടങ്ങിയവയാണിവ.  കലാകായികപരിശീല ബ്ലോക്കില്‍ കുട്ടികള്‍ക്ക് ഇന്ദ്രജാലം, സംഗീതം, നൃത്തം, ചിത്രരചന, ഉപകരണസംഗീതം, കായിക ഇനങ്ങള്‍ എന്നിവയില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളാണുള്ളത്. 

പ്രാഗത്ഭ്യമുള്ള തെറപ്പിസ്റ്റുകളുടെയും കലാ അദ്ധ്യാപകരുടെയും സ്‌പെഷ്യല്‍ ടീച്ചറുടെയും സേവനമാണ് ഇവിടെ ലഭിക്കുക.  ഐ.ഐ.പി.ഡി പദ്ധതിയുടെ ഭാഗമായുള്ള എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായാണ് ലഭിക്കുക.  ഇതാദ്യമായാണ് എല്ലാ വിപുല സംവിധാനങ്ങളോടെയുമുള്ള ഒരു ഭിന്നശേഷി സമുച്ഛയം ഒരുങ്ങുന്നത്.  

രണ്ടും മൂന്നും ഘട്ടങ്ങളിലായി പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ എന്നിവയാണ് ഉണ്ടാവുക. 120കോടിയില്‍പ്പരം രൂപയുടെ ചെലവാണ് ആകെ പ്രതീക്ഷിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. 

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറുമെന്നും ആധുനിക ഇന്ത്യന്‍ മാന്ത്രികതയുടെ പിതാവ് എന്നറിയപ്പെടുന്ന പി.സി സര്‍ക്കാറിന്റെ ജന്മദിനവും ഇന്ത്യന്‍ മാന്ത്രികരുടെ ദിനവുമായ 23ന് തന്നെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാനായതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. ജനുവരി മുതല്‍ സെന്ററിലേയ്ക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പത്ര സമ്മേളനത്തില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ രാധാകൃഷ്ണന്‍, സെന്ററില്‍ പരിശീലനം നേടുന്ന കേള്‍വി സംസാര പരിമിതരായ ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ്, അദ്ധ്യാപകന്‍ സനല്‍ പി.കെ എന്നിവര്‍ പങ്കെടുത്തു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക