Image

സിനഗോഗ് തീവയ്പ്പ് കേസ്; പ്രതി എബിൻ പോൾ എൻഐഎ കസ്റ്റഡിയിൽ‌

Published on 23 November, 2026
സിനഗോഗ് തീവയ്പ്പ് കേസ്; പ്രതി എബിൻ പോൾ എൻഐഎ കസ്റ്റഡിയിൽ‌

കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ്പ് കേസിലെ പ്രതി എബിൻ പോളിനെ നാലു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. ജഡ്ജി പി.കെ. മോഹൻദാസ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിയുടെ തീവ്രവാദ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് എൻഐഎ കസ്റ്റഡിയിൽ വാങ്ങിയത്.

കേസിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് പ്രതിയെ വിശദമായി ചോദ‍്യം ചെയ്യണമെന്ന് എൻഐഎ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നേരത്തെ യുഎപിഎ വകുപ്പുകൾ ചുമത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബർ 12-ന് പുലർച്ചെയായിരുന്നു സിനഗോഗിന് മുന്നിലുള്ള നേഴ്സറി ഭാഗത്ത് എബിൻ പോൾ തീവെച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബോസ് എന്ന ആളുടെ നിർദേശപ്രകാരമാണ് എബിൻ സിനഗോഗിന് തീവച്ചത്. ഇതിന് ഇയാൾക്ക് പ്രതിഫലവും ലഭിച്ചിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിദേശത്തുനിന്നുള്ള ഭീകരബന്ധമുള്ള ഗ്രൂപ്പുകളിലും ടെലിഗ്രാം ചാറ്റുകളിലും ഇയാൾ അംഗമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക