
ഡൽഹി: വാട്‌സ്ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് നിർദ്ദേശം. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ആക്ടീവ് ആയി നിലനിൽക്കുന്ന വാട്‌സ്ആപ്പ് വെബ് സെഷനുകളിൽ നിന്ന് ഉടമ അറിയാതെ സൈബർ ക്രിമിനലുകൾ സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ഔദ്യോഗിക വിവരങ്ങൾക്കൊപ്പം സാമ്പത്തിക വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പങ്കുവയ്ക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. പൊതുവായ കംപ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ചാൽ ജോലി പൂർത്തിയായ ശേഷം കർശനമായി ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.