
ന്യൂഡല്‍ഹി: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിനായി 24,000 കോടി നേപ്പാളി രൂപയുടെ (ഏകദേശം 15,000 കോടി ഇന്ത്യന്‍ രൂപ) വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഡല്‍ഹിയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രഖ്യാപനം.
നേപ്പാളിന്റെ വികസനത്തിനായുള്ള ഷായുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച പ്രധാനമന്ത്രി, ഈ വര്‍ഷം നേപ്പാളിലെ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ ചരിത്രപരമായ ജനവിധി രാജ്യത്തെ പുതിയ തലമുറയുടെ അഭിലാഷങ്ങളെയും പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നതാണെന്നും പറഞ്ഞു.
‘അധികാരമേറ്റ ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തപ്പോള്‍, അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടും നമുക്ക് വ്യക്തമായി കാണാന്‍ സാധിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നടന്ന ഞങ്ങളുടെ ചര്‍ച്ചകളില്‍, നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യ-നേപ്പാള്‍ ബന്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും പ്രതിബദ്ധതയും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു’ -ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു.