
അന്താരാഷ്ട്ര കുറ്റവാളി ഗോൾഡി ബ്രാറിന്റെ ചിത്രം എഫ് ബി ഐ പുറത്തു വിട്ട ഏറ്റവും വലിയ 10 പിടികിട്ടാ പുള്ളികളുടെ പട്ടികയിൽ. കുപ്രസിദ്ധമായ ബിഷ്ണോയ് കുറ്റവാളി സംഘത്തിൽ അംഗമായിരുന്ന ബ്രാറിനെ കുറിച്ചു വിവരം നൽകുന്നവർക്ക് എഫ് ബി ഐ $1 മില്യനാണ് വാഗ്‌ദാനം ചെയ്യുന്നത്.
ഗോൾഡി ബ്രാറിന്റെ യഥാർഥ പേര് സതീന്ദർജീത് സിംഗ് എന്നാണെന്നു അറിയിപ്പിൽ പറയുന്നു. ഇന്ത്യയിൽ നിരവധി കൊലപാതകങ്ങൾക്കു ഉത്തരവാദിയായ അയാൾ കാനഡയിൽ ആണെന്നു വിവരം ഉണ്ടായിരുന്നു. 2022 മുതൽ അയാളെ അന്വേഷിക്കുന്ന ഇന്ത്യയുടെ അഭ്യർഥന മാനിച്ചു ഇന്റർപോൾ അയാൾക്കു വേണ്ടി റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു.
2022 മേയ് 29നു പഞ്ചാബിലെ മൻസായിൽ ഗായകൻ സിദ്ധു മൂസേ വാലയെ വധിച്ച കേസിൽ ബ്രാർ പ്രതിയാണ്. ബിഷ്ണോയ് സംഘം ആ കുറ്റം ഏറ്റിരുന്നു.
ബബ്ബർ ഖൽസയുമായി ബന്ധം ഉള്ളതിനാൽ ആഭ്യന്തര മന്ത്രാലയം ബ്രാറിനെ ഭീകര പട്ടികയിൽ പെടുത്തി.
ബിഷ്ണോയ് സംഘത്തിനു യുഎസ്, കാനഡ, ബ്രിട്ടൻ ഉൾപ്പെടെ ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിലുമായി ആയിരക്കണക്കിന് അംഗങ്ങൾ ഉണ്ടെന്നു എഫ് ബി ഐ പറഞ്ഞു. ലോറൻസ് ബിഷ്‌ണോയിയുടെ ബാല്യകാല സുഹൃത്ത് കൂടിയായ ബ്രാർ നോർത്ത് അമേരിക്കയിൽ സംഘത്തലവനായി. കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലും ലഹരി കടത്തും പിടിച്ചുപറിയും ഉൾപെടെയുള്ള കുറ്റങ്ങൾക്കു അയാൾ നേതൃത്വം നൽകിയെന്നു എഫ് ബി ഐ പറയുന്നു.
ജൂലൈയിൽ ബ്രാറിനെതിരെ ലോസ് ഏഞ്ജലസ് ഫെഡറൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Goldy Brar among FBI's 'ten most wanted'