Image

ഭരണത്തിലിരിക്കുന്നവർ ഞങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നു , നിങ്ങൾ തമ്പുരാൻമാരല്ല, ഞങ്ങൾ അടിമകളുമല്ല; സർക്കാരിനെതിരെ വളർമതി

Published on 23 November, 2026
ഭരണത്തിലിരിക്കുന്നവർ ഞങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നു , നിങ്ങൾ തമ്പുരാൻമാരല്ല, ഞങ്ങൾ അടിമകളുമല്ല; സർക്കാരിനെതിരെ  വളർമതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും കടന്നാക്രമിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് രംഗത്ത്. ഭരണത്തിലിരിക്കുന്നവർ തങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും, നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്മാറുകയാണെന്നും സമരസമിതി സെക്രട്ടറി എസ്. വളർമതി തുറന്നടിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ തന്റെ ആരോഗ്യത്തെക്കുറിച്ച് പറയുന്നതെന്നും, മുഖ്യമന്ത്രി തുടരുന്നത് ‘ഏമാൻ’ നയമാണെന്നും വൈകാരികമായ പ്രതികരണത്തിൽ വളർമതി ആരോപിച്ചു.

തന്റെ ആരോഗ്യം നശിക്കാൻ കാരണക്കാർ സർക്കാരാണെന്ന് വളർമതി പറഞ്ഞു. “മരണത്തിലേക്ക് തള്ളിവിടുന്നതിന് സമമല്ലേ നിങ്ങൾ ഈ ചെയ്യുന്നത്? സാധാരണക്കാരന് നീതി നിഷേധിക്കുന്ന ഈ ഗവൺമെന്റിനോട് ജനങ്ങൾക്ക് പുച്ഛം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇനി മരണത്തിലേക്ക് തള്ളിവിട്ടാലും ഇതിൽ നിന്ന് ഒരടി ഞാൻ പിന്നോട്ട് പോകില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി അവർ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണമെന്ന് പറയും. എന്നിട്ട് വീണ്ടും നിരാഹാരത്തിലേക്ക് തള്ളിവിടും. നിങ്ങൾ തമ്പുരാൻമാരുമല്ല, ഞങ്ങൾ അടിമകളുമല്ല. എന്റെ ജീവന് ഉത്തരവാദി ഇവിടുത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമാണ്. എന്റെ ജീവൻ പോവുകയാണെങ്കിൽ ഇവിടെ നിന്ന് പൊയ്ക്കോട്ടെ. ജീവന് വിലയില്ലാത്ത സർക്കാരാണെന്ന് ജനങ്ങൾ അറിയട്ടെ എന്നും വളർമതി വ്യക്തമാക്കി.

സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി. സ്കൂൾ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 141 ദിവസങ്ങൾ പിന്നിടുകയാണ്. സമരസമിതി കൺവീനർ വളർമതിയുടെ നിരാഹാര സമരം 28 ദിവസമായി തുടരുകയാണ്. സർക്കാർ തീരുമാനത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗാർത്ഥികൾ വിമർശനം കടുപ്പിച്ചത്.

വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുക എന്നതാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. എന്നാൽ, അധിക സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് സർക്കാർ ആവശ്യം പരിഗണിക്കാൻ മടിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ചയായെങ്കിലും ധനവകുപ്പ് എതിർക്കുകയായിരുന്നു.  നവംബർ 25 ബുധനാഴ്ചയോടെ പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതായാണ് നിലവിൽ സമരസമിതി വ്യക്തമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക