Image

ഇറാൻ യുദ്ധം നിർത്തിയില്ലെങ്കിൽ ഗവൺമെന്റ് അടച്ചു പൂട്ടേണ്ടി വരുമെന്നു ഡെമോക്രാറ്റുകൾ (പിപിഎം)

Published on 23 November, 2026
ഇറാൻ യുദ്ധം നിർത്തിയില്ലെങ്കിൽ ഗവൺമെന്റ് അടച്ചു പൂട്ടേണ്ടി വരുമെന്നു ഡെമോക്രാറ്റുകൾ (പിപിഎം)

ഇറാൻ യുദ്ധത്തിനു പണം നൽകുന്നതു യുഎസ് കോൺഗ്രസ് നിയന്ത്രിക്കണം എന്നു ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ (മെരിലാൻഡ്), നിയുക്ത സെനറ്റർ അബ്ദുൽ എൽ സായിദ് (മിഷിഗൺ) എന്നിവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള തർക്കത്തിന്റെ പേരിൽ ഫെഡറൽ ഗവൺമെൻറ് പണമില്ലാതെ അടച്ചു പൂട്ടാൻ ഇടയാവരുതെന്നു അവർ താക്കീതു നൽകി.

അങ്ങിനെ സംഭവിച്ചാൽ അതിനുള്ള ഉത്തരവാദിത്തം പ്രസിഡന്റ് ട്രംപിന് ആയിരിക്കുമെന്നു എൻ ബി സിയുടെ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ പങ്കെടുത്ത അവർ ചൂണ്ടിക്കാട്ടി. ഗവൺമെന്റ് അടച്ചു പൂട്ടിയാലും യുദ്ധം തുടർന്നേ തീരൂ എന്ന സമീപനം നന്നല്ല.

അടച്ചു പൂട്ടാൻ ഡെമോക്രാറ്റുകൾ തീരുമാനിച്ചാൽ പിന്തുണയ്ക്കുമോ എന്നു ചോദിച്ചപ്പോൾ സായിദ് പറഞ്ഞു: "ഡെമോക്രാറ്റുകൾ അല്ല അത് ചെയ്യുന്നത്. ഡോണൾഡ്‌ ട്രംപ് ഗവർൺമെൻറ് പ്രവർത്തിക്കുന്നതിനു വേണ്ടതു ചെയ്യാതെ യുദ്ധം തുടരാൻ തീരുമാനിക്കുന്നതാണ് പ്രശ്നം."

യുദ്ധം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. അതിനു പണം കൊടുക്കണോ എന്നു തീരുമാനിക്കാനും. "ആ അധികാരങ്ങൾ ട്രംപ് കൈയ്യടക്കുകയാണ് ചെയ്തത്."

ഭരണം അടച്ചു പൂട്ടുന്നതിനെ അനുകൂലിക്കുന്നോ എന്നു വീണ്ടും ചോദിച്ചപ്പോൾ സായിദ് പറഞ്ഞു: "ഇല്ല, ഞാൻ അത് ആഗ്രഹിക്കുന്നില്ല."

സെനറ്റിലെ ഡെമോക്രാറ്റിക് നേതൃത്വത്തിനു മത്സരിക്കുന്ന വാൻ ഹോളനും അടച്ചുപൂട്ടലിനെ അനുകൂലിക്കുന്നില്ല. "ഞാൻ ഒട്ടേറെ ഫെഡറൽ ജീവനക്കാരുടെ പ്രതിനിധിയാണ്. അടച്ചു പൂട്ടലിനെ പിന്തുണയ്ക്കുന്നില്ല. പക്ഷെ നിയമവിരുദ്ധവും വിലക്കയറ്റത്തിനു കാരണവുമായ ഈ യുദ്ധത്തിനു പണം കൊടുക്കുന്നത് കോൺഗ്രസ് നിർത്തിവയ്ക്കണം."

സെനറ്റർമാരായ ടിം കെയ്ൻ, മൈക്കൽ ബെന്നറ്റ്, ടാമി ഡക്ക്വോർത് എന്നിവരും ഇറാൻ യുദ്ധം നിർത്തണമെന്ന പ്രമേയത്തെ അനുകൂലിക്കുന്നവരാണ് എന്ന് അദ്ദേഹം പറഞ്ഞു.

US politicians Sayed, Van Hollen press Iran war funding curb 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക