
കണ്ണൂർ: ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമാണെങ്കിലും, അതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് തളിപ്പറമ്പ് സെഷൻസ് കോടതി. ഭാര്യയുടെയും അമ്മയുടെയും പത്ത് വയസ്സുള്ള കുട്ടിയുടെയും മുന്നിൽ വെച്ച്, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടിൽ കയറി 37 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയത് അതിക്രൂരമാണെന്ന് ജഡ്ജി പ്രശാന്ത് നിരീക്ഷിച്ചു. മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ചുമരിൽ പോലും രക്തം തെറിച്ചെന്നും ഇറച്ചിക്കടയിൽ പോലും വെട്ടാത്ത വിധത്തിലാണ് വെട്ടിയതെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണയ്ക്കിടെ രാഷ്ട്രീയ കേസ് എന്നൊന്നില്ലെന്നും ക്രൂരകൃത്യത്തെ ന്യായീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ വാക്കുതർക്കവുമുണ്ടായി.
അതേസമയം, കേസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ ഭാഗത്തും ഗുരുതരമായ വീഴ്ചകളുണ്ടായതായി കോടതി വിമർശിച്ചു. സാക്ഷിമൊഴികൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും, പ്രാഥമിക സാക്ഷികൾക്ക് പൊലീസിന് നൽകിയ മൊഴി കോടതിയിൽ വ്യക്തതയോടെ ആവർത്തിക്കാൻ സാധിച്ചില്ലെന്നും വിധിന്യായത്തിൽ പറയുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ജീവനക്കാരനുമായ ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രാഥമിക മൊഴിയനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ലെന്നും കോടതി വിലയിരുത്തി.
ധനരാജിന്റെ മരണമൊഴി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും, അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. മാധ്യമ വാർത്തകളിലെ ചിത്രങ്ങൾ കണ്ടാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന വാദം തള്ളിയ കോടതി, പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ രേഖകൾ ഹാജരാക്കാൻ പൊലീസിന് കഴിയാതെ പോയത് വലിയ വീഴ്ചയാണെന്നും എടുത്തുപറഞ്ഞു. മൂന്നാം പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.