Image

വൈദേകവും ക്വട്ടേഷൻ ആരോപണവും; ജയരാജന്മാരുടെ പോര് അന്വേഷിക്കാൻ സിപിഎം, ബാലഗോപാലും ടി.പി. രാമകൃഷ്ണനും കമ്മീഷൻ

Published on 23 November, 2026
വൈദേകവും ക്വട്ടേഷൻ ആരോപണവും; ജയരാജന്മാരുടെ പോര് അന്വേഷിക്കാൻ സിപിഎം, ബാലഗോപാലും ടി.പി. രാമകൃഷ്ണനും കമ്മീഷൻ

തിരുവനന്തപുരം: വൈദേകം റിസോർട്ട് വിവാദത്തിലും തുടർന്നുണ്ടായ പരസ്പര ആരോപണങ്ങളിലും മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനുമെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ചത്. വൈദേകം റിസോർട്ടിലെ സാമ്പത്തിക ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾക്കൊപ്പം, കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങി നിക്ഷേപിച്ചെന്ന സഹോദരീപുത്രൻ ഇ.പി. ശ്യാംജിത്തിന്റെ വെളിപ്പെടുത്തലും അന്വേഷണ പരിധിയിൽ വരും.

​പി. ജയരാജൻ വിഷയം വീണ്ടും പാർട്ടിയിൽ ഉന്നയിച്ചതിന് പിന്നാലെ, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജൻ നൽകിയ എതിർപരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. പി. ജയരാജന് ക്വട്ടേഷൻ-സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും, പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘങ്ങളെ ഉപയോഗിക്കുന്നുവെന്നുമാണ് ഇ.പിയുടെ പ്രധാന ആരോപണം. കൂടാതെ, ഇടുക്കിയിലെ ഒരു റിസോർട്ടുമായി പി. ജയരാജന് ബന്ധമുണ്ടെന്നും ദുബായിൽ നടക്കുന്ന ഇതിന്റെ ബോർഡ് മീറ്റിങ്ങുകളിൽ അദ്ദേഹം പങ്കെടുക്കാറുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

​അതേസമയം, വൈദേകം നിക്ഷേപ ആരോപണത്തിൽ ശ്യാംജിത്തിനും സ്വകാര്യ ചാനലിനും ഇ.പി. ജയരാജൻ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തന്റെ ഭാര്യയെ കേസിൽ കുടുക്കാനും ആനുകൂല്യങ്ങൾ തടയാനും ഇ.പി. ജയരാജൻ ഇടപെട്ടെന്നായിരുന്നു ശ്യാംജിത്തിന്റെ മറുപടി. പാർട്ടിക്കകത്ത് പരിശോധിക്കേണ്ട കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുമെന്നും ജനങ്ങളോട് പറയേണ്ട കാര്യങ്ങൾ യഥാസമയം വ്യക്തമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക