Image

വോട്ട് ചെയ്തില്ല, വെളിച്ചവുമില്ല; രാജസ്ഥാനിൽ ബിജെപി സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നാലെ തെരുവുവിളക്കുകൾ അഴിച്ചുമാറ്റി

Published on 23 November, 2026
വോട്ട് ചെയ്തില്ല, വെളിച്ചവുമില്ല; രാജസ്ഥാനിൽ ബിജെപി സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നാലെ തെരുവുവിളക്കുകൾ അഴിച്ചുമാറ്റി

ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ അഴിച്ചുമാറ്റി. റാനോലി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഗ്രാമങ്ങളിലായി സ്ഥാപിച്ചിരുന്ന അൻപതോളം എൽഇഡി വിളക്കുകളാണ് നീക്കം ചെയ്തത്. നിവായ് എംഎൽഎ രാംസഹായ് വർമ്മയുടെ പഴ്‌സനൽ അസിസ്റ്റന്റ് അലോക് ശർമ്മയുടെ നിർദേശപ്രകാരം സ്ഥാപിച്ച വിളക്കുകൾ, അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി സ്ഥാനാർഥിയുമായ പ്രിയങ്ക ശർമ്മ നാലാം വാർഡിൽ പരാജയപ്പെട്ടതോടെ രാഷ്ട്രീയ പ്രതികാരമായി അഴിച്ചുമാറ്റുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

​അതേസമയം, അനധികൃതമായി വൈദ്യുതി കണക്ഷൻ എടുത്തതിനാലാണ് വിളക്കുകൾ നീക്കം ചെയ്തതെന്നാണ് വൈദ്യുതി ബോർഡിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് പരാജയവുമായി സംഭവത്തിന് ബന്ധമില്ലെന്ന് എംഎൽഎ രാംസഹായ് വർമ്മയും പ്രതികരിച്ചു.

​ദീപാവലിക്ക് മുന്നോടിയായി സ്ഥാനാർഥികൾ സ്ഥാപിച്ച വിളക്കുകളുടെ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ബോർഡ് നടപടിയെടുത്തതെന്ന് എംഎൽഎ വ്യക്തമാക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർപഞ്ചുമാർ വൈദ്യുതി ബിൽ അടയ്ക്കാമെന്ന് സമ്മതിച്ചതോടെ ബാക്കിയുള്ള നാൽപ്പതോളം തൂണുകളിലെ വിളക്കുകൾ അഴിച്ചുമാറ്റുന്നത് നിർത്തിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക