Image

സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്ടു

Published on 23 November, 2026
സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്ടു

കണ്ണൂർ: സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷയിന്മേലുള്ള വാദം മറ്റന്നാൾ നടക്കും. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി വിലയിരുത്തിയത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി. നടന്നത് ക്രൂരമായ കൊലപാതകമാണെന്നും കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.

​2016 ജൂലൈ 11-ന് രാത്രിയാണ് ഡിവൈഎഫ്ഐ നേതാവും സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.വി. ധനരാജ് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ സംഘം പിന്തുടർന്നതിനെ തുടർന്ന് വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 20 പേർ ചേർന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തെന്നായിരുന്നു കേസ്. പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു വിചാരണയ്ക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു.

​സംഭവം നടന്ന് പത്തുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ധനരാജിന്റെ ഭാര്യയും അമ്മയും ഉൾപ്പെടെ 40 സാക്ഷികളെ വിസ്തരിച്ച കേസിൽ 127 രേഖകളും 33 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. വിധി കേൾക്കാനായി ധനരാജിന്റെ കുടുംബാംഗങ്ങളും സ്പീക്കർ എ.എൻ. ഷംസീർ ഉൾപ്പെടെയുള്ള നേതാക്കളും കോടതിയിലെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക