Image

ഗാര്‍ലന്‍ഡില്‍ വാറണ്ട് നടപ്പാക്കാനെത്തിയ പോലീസിന് നേരെ തോക്കുമായി പാഞ്ഞടുത്ത മൂന്ന് പേര്‍ക്ക് വെടിയേറ്റു

പി പി ചെറിയാന്‍ Published on 23 November, 2026
ഗാര്‍ലന്‍ഡില്‍ വാറണ്ട് നടപ്പാക്കാനെത്തിയ പോലീസിന് നേരെ തോക്കുമായി പാഞ്ഞടുത്ത മൂന്ന് പേര്‍ക്ക് വെടിയേറ്റു

ഗാര്‍ലന്‍ഡ് (ടെക്‌സസ്): ഫെഡറല്‍ വാറണ്ട് നടപ്പാക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ തോക്കുമായി ഓടിയടുത്ത മൂന്ന് പ്രതികള്‍ക്ക് വെടിയേറ്റു. റോസ്ഹില്‍ റോഡിലെ 4200 ബ്ലോക്കിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ വൈകുന്നേരം 5:40-ഓടെയായിരുന്നു സംഭവം. പരിക്കേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ഡാളസ് പോലീസിന് നേരെയുണ്ടായ വെടിവെപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 18-കാരനായ ദവാന്‍ ആന്റണി ടെയ്ലറെ  അറസ്റ്റ് ചെയ്യാനാണ് യു.എസ് മാര്‍ഷല്‍സ് ടാസ്‌ക് ഫോഴ്‌സും ഗാര്‍ലന്‍ഡ് പോലീസും സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ അപ്പാര്‍ട്ട്‌മെന്റിന് സമീപമെത്തിയപ്പോള്‍ മൂന്ന് പേര്‍ തോക്കുകളുമായി പോലീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നും, തുടര്‍ന്ന് പോലീസ് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും ഗാര്‍ലന്‍ഡ് പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രധാന പ്രതിയായ ദവാന്‍ ആന്റണി ടെയ്ലറെ പോലീസ് പരിക്കുകളില്ലാതെ അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്ന് പേരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നടപടിക്രമങ്ങളുടെ ഭാഗമായി വെടിവെപ്പില്‍ ഉള്‍പ്പെട്ട ഗാര്‍ലന്‍ഡ് പോലീസ് ഉദ്യോഗസ്ഥരെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു. ഡാളസ് കൗണ്ടി പബ്ലിക് ഇന്റഗ്രിറ്റി യൂണിറ്റിന്റെ സഹകരണത്തോടെ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക