
പാക്കിസ്ഥാന്റെ സൈന്യത്തിനു യുഎസ് പണം നൽകാൻ പാടില്ലെന്നു നിയുക്ത ഡെമോക്രാറ്റിക് സെനറ്റർ അബ്ദുൾ എൽ സായിദ് അഭിപ്രായപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു യുഎസ് സഹായം നൽകാൻ പാടില്ല എന്ന് എൻ ബി സിയുടെ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ ആദ്യത്തെ മുസ്‌ലിം സെനറ്ററാവുന്ന സായിദ് പറഞ്ഞപ്പോഴാണ് ആങ്കർ ക്രിസ്റ്റെൻ വെൽക്കർ പാക്കിസ്ഥാന്റെ കാര്യം ഉന്നയിച്ചത്.
"ജനങ്ങൾക്കു മതം ഏതായാലും തുല്യത നൽകുന്ന രാജ്യങ്ങൾക്കു മാത്രമേ സഹായം നൽകാവൂ," ഈജിപ്ഷ്യൻ വംശജനായ സായിദ് പറഞ്ഞു. "പാക്ക് സൈന്യത്തിനും സഹായം നൽകാൻ പാടില്ല."
പാക്കിസ്ഥാനെ സഹായിക്കുന്ന ഏതെങ്കിലും പരിപാടി സായിദ് എടുത്തു പറഞ്ഞില്ല. എന്നാൽ ഇസ്രയേൽ ആയാലും പാക്കിസ്ഥാൻ ആയാലും തന്റെ നിലപാട് ഒന്നു തന്നെ ആണെന്നു അദ്ദേഹം വ്യക്തമാക്കി. "പൗരന്മാർക്ക് തുല്യമായ അവകാശങ്ങളും അന്തസും സ്വയം നിർണയ അവകാശവും ഉണ്ടാവണം."
അമേരിക്കയിലും അങ്ങിനെ തന്നെ എന്നദ്ദേഹം പറഞ്ഞു. "തൊലിയുടെ നിറം എന്തായാലും പ്രാർഥിക്കുന്നത് ആരോടായാലും എല്ലാവർക്കും തുല്യമായ നീതി ലഭിക്കണം. യുഎസ് പിന്തുണയ്ക്കുന്ന ഭരണകൂടങ്ങളും അതേ നിലവാരം പുലർത്തണം."
ജനാധിപത്യത്തിനു പരമാവധി പ്രാധാന്യം നൽകണമെന്നു സായിദ് പറഞ്ഞു. "നമ്മുടെ ആദർശങ്ങളുടെ പേരിലാണ് അതു പറയുന്നത്."
അന്യായമായ ഇറാൻ യുദ്ധത്തിനു കോൺഗ്രസ് പണം നിഷേധിക്കണമെന്നു സായിദ് പറഞ്ഞു. യുദ്ധത്തിലും പണം ചെലവാക്കുന്നതിലും ജന പ്രതിനിധികൾ തീരുമാനം എടുക്കണം.
Senator-elect Sayed opposes funding Pak military