Image

രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: കുറ്റപത്രം ആരെ സംരക്ഷിക്കാനെന്ന് കോണ്‍ഗ്രസ്; ശ്രീരാമൻ്റെ പേരിൽ ലഭിച്ച ഓരോ രൂപയുടെയും കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും പാർട്ടി

Published on 22 November, 2026
രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: കുറ്റപത്രം ആരെ സംരക്ഷിക്കാനെന്ന് കോണ്‍ഗ്രസ്; ശ്രീരാമൻ്റെ പേരിൽ ലഭിച്ച ഓരോ രൂപയുടെയും കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും പാർട്ടി

ന്യൂഡൽഹി: രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽ ചോദ്യങ്ങളുമായി കോൺഗ്രസ്. പ്രമുഖ വ്യക്തികളെ സംരക്ഷിക്കാനും, നിർണായകമായ ചോദ്യങ്ങളെ അവഗണിക്കാനുമാണോ ഈ കുറ്റപത്രം തയ്യാറാക്കിയതെന്ന് പ്രതിപക്ഷത്തിൻ്റെ ചോദ്യം. കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസപ്രതീകമാണ് ഈ ക്ഷേത്രമെന്നും, ശ്രീരാമൻ്റെ പേരിൽ ലഭിച്ച ഓരോ രൂപയുടെയും കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും പാർട്ടി വ്യക്തമാക്കി. ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ അനുവാദമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കൂട്ടിച്ചേർത്തു.

"സംഭാവനയിലെ മോഷണം, വിശ്വാസവഞ്ചന എന്നിവയുമായി ബന്ധപ്പെട്ട കേസിൽ 74,000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഒരു ചോദ്യം ബാക്കിയാണ്. ഈ കുറ്റപത്രം മോഷണങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നുണ്ടോ, അതോ എട്ട് ജീവനക്കാരെ മാത്രം പ്രതികളാക്കി, യഥാർഥത്തിൽ പ്രമുഖ വ്യക്തികളെ സംരക്ഷിക്കാനും ഗൗരവകരമായ ചോദ്യങ്ങളെ അവഗണിക്കാനും ശ്രമിക്കുകയാണോ?" ജയറാം രമേശ് പറഞ്ഞു.

''2026 ജൂൺ നാലിന് രാത്രി, മോഷണത്തിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ വാട്‌സാപ്പ് വഴി ചമ്പത് റായിക്ക് ലഭിച്ചു. ബാത്ത്റൂമിൽ സൂക്ഷിച്ചിരുന്ന 2.25 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അതിൽ കാണാമായിരുന്നു. കുറച്ചു ദിവസങ്ങളായി ഇത്തരം മോഷണങ്ങൾ നടക്കുന്നുണ്ടെന്ന സന്ദേശവും അതിനൊപ്പമുണ്ടായിരുന്നു.

ജൂൺ അഞ്ചിന് അനിൽ മിശ്ര, ഗോപാൽ ജി, നരേന്ദ്ര ജി എന്നിവർ ചമ്പത് റായിയുടെ വസതിയിൽ വെച്ച് ലാപ്ടോപ്പിലൂടെ ഈ ദൃശ്യങ്ങൾ കണ്ടു. അതായത്, മോഷണം നടന്നതിൻ്റെ തെളിവുകൾ ട്രസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൈവശം അപ്പോൾത്തന്നെ ഉണ്ടായിരുന്നു," എന്ന് അദ്ദേഹം എകസിൽ കുറിച്ചു.

ഇത്രയൊക്കെയായിട്ടും ജൂൺ 25 വരെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയ ജയറാം രമേശ്, വീഡിയോ ലഭിച്ചതിന് ശേഷം 21 ദിവസത്തോളം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും, ഈ കാലതാമസത്തിന് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക