
ചർമത്തിന്റെ നിറം വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിപണിയിലെത്തുന്ന അംഗീകാരമില്ലാത്ത ക്രീമുകളുടെ ഉപയോഗത്തിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ചർമ്മരോഗ വിദഗ്ധരുടെ സംഘടനയായ ഐഎഡിവിഎൽ (ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സ്) കേരള. ഇത്തരം ക്രീമുകളുടെ ഉപയോഗത്തെത്തുടർന്ന് 17 വയസ്സുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംഘടന വ്യക്തമാക്കി.
വേഗത്തിൽ ചർമ്മത്തിന്റെ നിറം മാറ്റാമെന്ന് അവകാശപ്പെടുന്നതും ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ വ്യക്തമാക്കാത്തതുമായ ക്രീമുകൾ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് നവംബർ 22ന് ചേർന്ന ഐഎഡിവിഎൽ കേരള ജനറൽ ബോഡി യോഗം മുന്നറിയിപ്പ് നൽകി.
ചർമ്മത്തിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള മെർക്കുറിയും മറ്റ് അപകടകരമായ രാസവസ്തുക്കളും ഇത്തരം ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കാമെന്നും സംഘടന ചൂണ്ടിക്കാട്ടി.
സൗന്ദര്യത്തേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകണമെന്ന് ഐഎഡിവിഎൽ കേരള പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സമൂഹമാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അംഗീകാരമില്ലാത്ത ചർമ്മസംരക്ഷണ ക്രീമുകൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കണം. ചർമ്മരോഗങ്ങൾക്കും സൗന്ദര്യവർധക ചികിത്സകൾക്കുമായി യോഗ്യതയുള്ള ചർമ്മരോഗ വിദഗ്ധരെ മാത്രം സമീപിക്കണമെന്നും സംഘടന നിർദേശിച്ചു.