
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പ്. ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഓൺലൈൻ വിപണനവും നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി.
നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉൽപ്പന്നങ്ങൾ, ചർമ്മത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കും.
മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി എത്തിച്ച് വിൽക്കുന്നുണ്ടെന്നാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉറവിടം, ഗുണനിലവാരം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് ഗുരുതരമായ ആശങ്കകളുണ്ട്. പാക്കിസ്ഥാൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമ്മാതാവിന്റെ പേര്, നിർമ്മാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കേണ്ടതുണ്ട്.