
അടിമാലി: ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തോക്കുപാറ സ്വദേശിയായ 25 വയസ്സുകാരി നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ വെള്ളത്തൂവൽ പൊലീസാണ് നിരീക്ഷിക്കുന്നത്.
വൈകുന്നേരം നാല് മണിയോടെയാണ് പുരയിടത്തിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാസമുറയെ തുടർന്നുണ്ടായ രക്തസ്രാവമാണെന്നാണ് യുവതി അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ യുവതി അടുത്തിടെ പ്രസവിച്ചതായി വ്യക്തമായി.
സംശയം തോന്നിയ ആശുപത്രി അധികൃതർ ഉടൻതന്നെ വിവരം വെള്ളത്തൂവൽ പൊലീസിൽ അറിയിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ സ്ഥിരീകരിക്കാനാകൂ.