
കാസര്‍കോട്; പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെ ശക്തമായി എതിര്‍ത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ബിജെപിയിലേക്ക് പോയപ്പോള്‍ കെ കരുണാകരനെ പോലും അപമാനിച്ചയാളാണ് പത്മജ വേണുഗോപാലെന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയില്‍ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തവരാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു
‘പത്മജ വേണുഗോപാലിന്റെയടുത്ത് ഞാന്‍ മരിക്കുന്നത് വരെ യോജിക്കാത്ത ഒരു കാര്യമുണ്ട്. കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ തന്നെക്കാള്‍ മുന്‍പ് ബിജെപില്‍ ചേരുമായിരുന്നു എന്ന് പറഞ്ഞത് എന്നെ കുഴിയില്‍ കൊണ്ടുപോയി വെക്കുന്നത് വരെ ഞാന്‍ അംഗീകരിക്കില്ല. അത് എന്തിനാണ് പറഞ്ഞത് എന്നും എന്തുകൊണ്ടാണ് പറഞ്ഞത് എന്നും അവര്‍ വ്യക്തമാക്കണം. ആ പ്രസ്താവന നടത്താന്‍ അവരെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് ഉത്തരം കൊടുക്കണം. കാരണം ഇന്നും കെ കരുണാകരനോളം ആരാധകന്‍മാര്‍, അനുയായികള്‍ ഉള്ള ഒരു നേതാവും കേരളത്തില്‍ ഉണ്ടായിട്ടില്ല. ആ കരുണാകരനെ കുറിച്ച് പറഞ്ഞത് ഇത്തരി കടന്ന കൈയായിപ്പോയി’ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് മുന്‍പ് പല ആളുകളും വന്നിട്ടുണ്ടല്ലോ. അവരൊക്കെ മുന്‍പ് പറഞ്ഞ കാര്യങ്ങളുടെ വിഷ്വല്‍സെല്ലാം നമ്മുടെ കൈയിലുണ്ട്. അതൊക്കെയിട്ട് ഒന്ന് കണ്ടിട്ട് ഇത് ശരിയാണോ എന്ന് നിങ്ങള്‍ തന്നെ സ്വയം ചോദിക്കണം. എനിക്ക് ഈ കാര്യത്തില്‍ യാതൊരു അഭിപ്രായവുമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു