
ഇംഫാല്‍ :മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 230 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരയായവരില്‍ ഭൂരിഭാഗവും ചന്ദേല്‍ ജില്ലയിലെ ചക്പികറോങ് സബ് ഡിവിഷനില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ്. കാക്ചിങ് ജില്ലയിലെ സുഗ്‌നുവില്‍ നിന്നാണ് വിഷാംശമുള്ള മദ്യം എത്തിയതെന്ന് പോലീസും പ്രാഥമിക റിപോര്‍ട്ടുകളും സൂചിപ്പിക്കുന്നു.
മെഥനോള്‍ വിഷബാധയാകാം ദുരന്തത്തിന് ഇടയാക്കിയതെന്ന് അധികൃതര്‍ സംശയിക്കുന്നു. കൃത്യമായ വിഷവസ്തു ഏതാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഫോറന്‍സിക്, ലബോറട്ടറി പരിശോധനകള്‍ നടന്നുവരികയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ തലകറക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ചിലര്‍ക്ക് തീവ്രപരിചരണവും ഹീമോഡയാലിസിസും ആവശ്യമായി വന്നു.