
പാലക്കാട് ജില്ലയിലെ ചളവറയിൽ രണ്ടുവർഷം മുമ്പ് അച്ഛനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ മകൻ മരിച്ച നിലയിൽ. ചളവറ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചിറയിൽ കോളനിയിൽ കുറുപ്പൻ്റെ മകൻ സുഭാഷ് (39) ആണ് മരിച്ചത്. അച്ഛനെ കൊന്ന കേസിൽ വിധി വരാനിരിക്കെയാണ് സുഭാഷ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ഈ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. 2024 മാർച്ച് അഞ്ചിനാണ് ചിറയിൽ കോളനിയിലെ കുറുപ്പൻ കഴുത്തിന് വെട്ടേറ്റ് മരിച്ചത്.
കുറുപ്പനും ഭാര്യ അമ്മുക്കുട്ടിയും തമ്മിലുള്ള തർക്കത്തിൽ ഇളയ മകനായ സുഭാഷ് ഇടപെട്ട് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സുഭാഷ് അവിവാഹിതനാണ്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.