
ബംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവേശ്വരയെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എഴുത്തുകാരൻ രവി ഹഞ്ചിനെ കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ലിംഗായത്ത് നേതാവ് പ്രകാശ് മഹാജൻ. പ്രഖ്യാപനം കർണാടകയിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇതേ തുടർന്ന് മൊട്ടഗി മഠത്തിലെ മഠാധിപതി പ്രഭു ചന്നബസവ സ്വാമി തലവെട്ടാനുള്ള ആഹ്വാനത്തെ അപലപിച്ച് രംഗത്തെത്തി. പ്രകാശ് മഹാജന്റെ പ്രസ്താവന ഗൗരവമായി കാണരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
രവി ഹഞ്ചിനെ കൊന്ന ശേഷം പാരിതോഷികത്തിനായി ബന്ധപ്പെടേണ്ട മൊബൈൽ നമ്പറും പ്രകാശ് മഹാജൻ പങ്കുവെച്ചിരുന്നു. "അവനെ വധിക്കണം. അവനെ കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. അത് ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്റെ മൊബൈൽ നമ്പർ എഴുതിയെടുക്കുക. കൊലപാതകം നടത്തിയ ശേഷം ആ നമ്പറിൽ വിളിച്ച് എന്റെ അടുത്തേക്ക് വരൂ. നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും" ഇതായിരുന്നു പ്രകാശ് മഹാജന്റെ പ്രഖ്യാപനം.
എം.എം കലബുറുഗി, മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചും പരാമർശിച്ച പ്രകാശ് കൊലപാതകങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും തിരശ്ശീലക്ക് പിന്നിൽ അവരെ പിന്തുണച്ചവരെ പിടികൂടിയിട്ടില്ലെന്നും ആരോപിച്ചു. കൊലപാതകങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കാത്തതിന് അന്ന് അധികാരത്തിലിരുന്ന സർക്കാറാണ് ഉത്തരവാദിയെന്നും പറഞ്ഞു.