
ഡൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 അവസാനത്തോടെ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായ സൂറത്ത്–വാപ്പി സെക്ഷനിലായിരിക്കും ആദ്യഘട്ട സർവീസ്. മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ബാക്കി ഭാഗങ്ങൾ പിന്നീട് ഘട്ടംഘട്ടമായി തുറന്നുകൊടുക്കും.
പദ്ധതി പൂർണ്ണസജ്ജമാകുന്നതോടെ റോഡ് മാർഗം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ എടുക്കുന്ന മുംബൈ-അഹമ്മദാബാദ് യാത്ര രണ്ട് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകും. 2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്. 456 കിലോമീറ്റർ ദൂരത്തിൽ പിയർ നിർമ്മാണവും 371 കിലോമീറ്റർ ദൂരത്തിൽ വയഡക്ട് നിർമ്മാണവും പൂർത്തിയായി. 299 കിലോമീറ്റർ പാതയിൽ ആറുലക്ഷത്തിലധികം ശബ്ദനിയന്ത്രണ സംവിധാനങ്ങളും, 206 കിലോമീറ്റർ വയഡക്ടിൽ 9,300 ഓവർഹെഡ് ഇലക്ട്രിഫിക്കേഷൻ മാസ്റ്റുകളും സ്ഥാപിച്ചു. പദ്ധതിയിലെ എട്ട് സ്റ്റേഷനുകളുടെ സിവിൽ നിർമ്മാണം പൂർത്തിയായി. നിലവിൽ ആർക്കിടെക്ചറൽ ഫിനിഷിങ് ജോലികൾ പുരോഗമിക്കുന്നു. നാല് മലനിര ടണലുകളുടെ നിർമ്മാണം പൂർത്തിയായി.