Image

ചേരാനല്ലൂർ ബെൻസ് അപകടം: മകൻ കാറെടുത്തത് തന്റെ അറിവോടെയല്ല, കാറിന്റെ ആര്‍ സി റദ്ദാക്കരുതെന്ന ആവശ്യവുമായി ജഡ്ജി

Published on 21 November, 2026
ചേരാനല്ലൂർ ബെൻസ് അപകടം: മകൻ കാറെടുത്തത് തന്റെ അറിവോടെയല്ല,  കാറിന്റെ ആര്‍ സി റദ്ദാക്കരുതെന്ന ആവശ്യവുമായി ജഡ്ജി

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, വാഹനത്തിന്റെ ആർസി റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മുൻ കോടതി ഉത്തരവുകൾ കൂടി ഉൾപ്പെടുത്തിയാണ് ജഡ്ജി മറുപടി സമർപ്പിച്ചത്.

വാഹനം തന്റെ പേരിലാണെങ്കിലും അപകടത്തിൽ തനിക്ക് പങ്കില്ലെന്നും, കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ആർസി റദ്ദാക്കാൻ തീരുമാനിക്കുന്നത് നിയമവിരുദ്ധമാകുമെന്നും മറുപടിയിലുണ്ട്. ജഡ്ജിയുടെ മറുപടി പരിശോധിച്ച ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

അതേസമയം, കേസിൽ 17-കാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും കോടതിയെ സമീപിച്ചിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും അത് ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ ഒക്ടോബർ 25-നായിരുന്നു ചേരാനല്ലൂരിൽ 17-കാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നതായി ആരോപണമുയർന്നിരുന്നു. ആദ്യം ദുർബല വകുപ്പുകൾ ചുമത്തി പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെങ്കിലും, വ്യാപക പ്രതിഷേധത്തെ തുടർന്നാണ് കുറ്റകരമായ നരഹത്യ ചുമത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക