
മലപ്പുറം: ദേശീയപാത 66-ൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച (നവംബർ 20) ഉച്ചയ്ക്ക് രണ്ടരയോടെ എ.ആർ നഗർ കൊളപ്പുറത്തിനും ചോലക്കലിനും ഇടയിലായിരുന്നു സംഭവം.
ചെറുമുക്ക് ജീലാനി നഗർ സ്വദേശി കോഴികാട്ടിൽ കരീമിന്റെ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്. കരീമിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി മടങ്ങുകയായിരുന്നു മകനും മരുമകളും. യാത്രയ്ക്കിടെ കാറിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അപകടസാധ്യത തിരിച്ചറിഞ്ഞ ഇവർ ഉടൻ തന്നെ കാർ നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു.
യാത്രക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കാറിലേക്ക് തീ പടർന്നുപിടിച്ചു. തീ ആളിപ്പടർന്നതോടെ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. ഇതുവഴി കടന്നുപോയ യാത്രക്കാരും സമീപവാസികളും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ ശക്തി കാരണം വിജയിച്ചില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.