Image

കാനഡയിൽ പഞ്ചാബി വംശജനായ യുവാവും കാമുകിയും വെടിയേറ്റ് കൊല്ലപ്പെട്ടു

Published on 21 November, 2026
കാനഡയിൽ പഞ്ചാബി വംശജനായ യുവാവും കാമുകിയും വെടിയേറ്റ് കൊല്ലപ്പെട്ടു

സറേ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ പഞ്ചാബി വംശജനായ 24കാരനും കാമുകിയും വെടിയേറ്റ് കൊല്ലപ്പെട്ടു. ഗാരി റേഹൽ (24), 23കാരിയായ കാമുകി എന്നിവരാണ് കൊല്ലപ്പെട്ടത്. സറേയിലെ വാൾമാർട്ട് സ്റ്റോറിന് സമീപമുള്ള പാർക്കിങ് ഏരിയയിലാണ് സംഭവം. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ആസൂത്രിത കൊലപാതകമാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

നവംബർ 15ന് രാത്രി 10.38ഓടെയാണ് 88 അവന്യൂ–124 സ്ട്രീറ്റ് ജംഗ്ഷന് സമീപം വെടിവെപ്പുണ്ടായതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. വെടിയേറ്റ നിലയിൽ ചുവന്ന കാർ സംഭവസ്ഥലത്ത് കണ്ടെത്തി. പോലീസ് പ്രദേശം വളഞ്ഞ് ഫോറൻസിക് പരിശോധന നടത്തി.

സംഭവത്തിന് ഏകദേശം 13 മിനിറ്റിനുശേഷം പ്രിൻസസ് ഡ്രൈവിൽ മറ്റൊരു വാഹനം കത്തുന്നതായും പോലീസിന് വിവരം ലഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച വാഹനമായിരിക്കാം ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

സംഭവത്തിൽ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) അന്വേഷണം ഏറ്റെടുത്തു. ഇത് യാദൃച്ഛികമായ ആക്രമണമല്ലെന്നും ലക്ഷ്യമിട്ടുള്ള കൊലപാതകമാണെന്നുമാണ് സർജന്റ് ഫ്രെഡ ഫോങ് വ്യക്തമാക്കിയത്. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ ഗ്യാങ് ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഗാരി റേഹൽ നേരത്തെയും ആയുധവുമായി ബന്ധപ്പെട്ട കേസുകളിൽ നിയമപാലകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നയാളാണെന്ന് റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു പ്രാദേശിക എതിരാളി സംഘാംഗങ്ങൾ ഏറ്റെടുത്തതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

ബ്രിട്ടീഷ് കൊളംബിയയിൽ, പ്രത്യേകിച്ച് ദക്ഷിണേഷ്യൻ വംശജർ കൂടുതലുള്ള മേഖലകളിൽ സംഘടിത കുറ്റകൃത്യങ്ങളും വെടിവെപ്പുകളും വർധിക്കുന്നതിലുള്ള ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്.

ഇതിനിടെ, സറേയിലെ ഹാസ്യനടൻ കപിൽ ശർമയുടെ കഫേയ്ക്ക് നേരെയുണ്ടായ വെടിവെപ്പും ഒരു വീടിന് നേരെയുണ്ടായ ആക്രമണവും ഉൾപ്പെട്ട കേസുകളിൽ രണ്ട് യുവാക്കൾക്കെതിരെ ഈ മാസം കുറ്റം ചുമത്തിയിരുന്നു. 22കാരായ പ്രദീപ് സിങ്, സവീർ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും രണ്ട് വെടിവെപ്പ് സംഭവങ്ങളിലായി തോക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് നേരിടുന്നത്. കുറ്റങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.

കഫേ അടച്ചിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. അകത്ത് രണ്ട് ജീവനക്കാരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന് നാല് ദിവസം മുമ്പ് മറ്റൊരു വീടിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഈ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അന്വേഷണസംഘം സംയുക്ത അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക