
ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി യുഎഇയോട് രേഖകൾ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി. സംഭവവുമായി ബന്ധപ്പെട്ട് യുഎഇയിലുള്ള ചില വ്യക്തികളെ ചോദ്യം ചെയ്യുന്നതിനായി പരസ്പര നിയമസഹായ ഉടമ്പടി പ്രകാരവും എൻഐഎ അപേക്ഷ നൽകിയിട്ടുണ്ട്.
യുഎഇയിൽ നിന്ന് മറുപടി ലഭിച്ചാലുടൻ ഞങ്ങൾ അവിടേക്ക് പോകും. ആവശ്യപ്പെട്ട രേഖകൾ യുഎഇ കൈമാറിയാൽ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാം," എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒമാൻ സ്വദേശിയായ സഹപൈലറ്റ് യുകെയിലും ഓസ്ട്രേലിയയിലും പഠിക്കുന്ന കാലത്ത് ആരുമായൊക്കെയാണ് ബന്ധം പുലർത്തിയിരുന്നതെന്നും ഇവരിൽ ആർക്കെങ്കിലും ഇന്ത്യയുമായി ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
പരാതിയിൽ പറയുന്നതനുസരിച്ച്, സെപ്റ്റംബർ 30-ന് രാവിലെ 7.05-നാണ് ഫ്ലൈദുബായ് വിമാനം 1073 ദുബായിൽ നിന്ന് യാത്ര തിരിച്ചത്. 174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രയേൽ സ്വദേശികളായിരുന്നു. ക്യാപ്റ്റൻ മച്ചാറും ഒമാൻ സ്വദേശിയായ സഹപൈലറ്റുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.
"രാവിലെ 9.21-ഓടെ ജോർദാൻ-സൗദി അറേബ്യ അതിർത്തിക്ക് സമീപം പറക്കുന്നതിനിടെ വിമാനം പെട്ടെന്ന് താഴേക്ക് കുതിക്കുകയും തിരികെ സൗദി അറേബ്യയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുകയും ചെയ്തു," എഫ്ഐആറിൽ പറയുന്നു.
യാത്രക്കാരുടെ മൊഴികൾ പ്രകാരം, വിമാനം തട്ടിയെടുക്കാനോ തകർക്കാനോ ശ്രമിക്കുന്നതിനിടെ സഹപൈലറ്റ് ക്യാപ്റ്റൻ മച്ചാറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. എന്നാൽ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി നിയന്ത്രണത്തിലാക്കി.
ആക്രമണത്തിൽ ക്യാപ്റ്റൻ മച്ചാറിന്റെ തലയ്ക്കും കൈകൾക്കും ആഴത്തിലുള്ള മുറിവേറ്റു.