Image

ചക്കക്കൊമ്പനെ പൂട്ടാന്‍ വനം വകുപ്പ്; മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കും

Published on 20 November, 2026
ചക്കക്കൊമ്പനെ പൂട്ടാന്‍ വനം വകുപ്പ്;   മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കും

ഇടുക്കി: ചിന്നക്കനാൽ, ബോഡിമെട്ട് ജനവാസ മേഖലയില്‍ ഭീതിവിതയ്‌ക്കുന്ന ചക്കക്കൊമ്പനെ പൂട്ടാന്‍ വനം വകുപ്പ്. ആനയെ മയക്കുവെടി വച്ച് പിടികൂടും. ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ക്യാച്ചർ പ്ലാനിനാണ് വനംവകുപ്പ് അംഗീകാരം നൽകിയത്. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ സഞ്ചാരപഥം 24 മണിക്കൂറും നിരീക്ഷിക്കാൻ കഴിയും.

ആന ജനവാസ മേഖലകളിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയാൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വനംവകുപ്പിൻ്റെ പ്രതീക്ഷ. ദൗത്യത്തിന് സഹായമായി കുങ്കിയാനകളായ വിക്രമിനെയും ഭരതിനെയും എത്തിക്കും. ദേവികുളം റേഞ്ചിൻ്റെ പരിധിയിൽ വരുന്ന ചിന്നക്കനാൽ, ബോഡിമെട്ട് മേഖലകളിലായി ഏകദേശം 17 കാട്ടാനകളുണ്ടെന്നാണ് വനംവകുപ്പിൻ്റെ കണക്ക്. ഇതിൽ ചക്കക്കൊമ്പൻ മനുഷ്യർക്കും സ്വത്തിനും നേരെ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന ആനയാണെന്നാണ് വനംവകുപ്പിൻ്റെ വിലയിരുത്തൽ.

കഴിഞ്ഞ സെപ്റ്റംബർ 23ന് പന്തടിക്കളത്ത് വിജയൻ എന്നയാൾ ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നത് ആനയുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് തടസമാകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ദൗത്യം നടക്കുന്ന ദിവസം ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സബ് കലക്‌ടർക്ക് വനംവകുപ്പ് നിർദേശം നൽകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക