Image

പോലീസ് നായ മണംപിടിച്ച് പറമ്പിലൂടെ ഓടി; മോഷണക്കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചയാള്‍ മരിച്ചനിലയില്‍

Published on 20 November, 2026
 പോലീസ് നായ മണംപിടിച്ച് പറമ്പിലൂടെ ഓടി; മോഷണക്കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചയാള്‍ മരിച്ചനിലയില്‍

പെരിയാട്ടടുക്കം (കാസര്‍കോട്): അഞ്ചുപവനും 3000 രൂപയും മോഷണംപോയ വീടിന്റെ 200 മീറ്ററോളം അകലെയുള്ള വീട്ടിലെ ആള്‍ തൂങ്ങിമരിച്ചു. പനയാല്‍ മുതുവത്ത് തൊട്ടിയില്‍ കെ.ആര്‍. ബാലകൃഷ്ണന്‍ (63) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തൂങ്ങിമരിച്ചത്. മരണവും മോഷണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്  ബേക്കല്‍ പോലീസ്.

പെരിയാട്ടുക്കം നീരാറ്റിലെ പി. ധന്യയുടെ വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച അഞ്ചുപവന്‍ ആഭരണങ്ങളും 3000 രൂപയും മോഷണം പോയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5.15-ന് .വീട് പൂട്ടി താക്കോല്‍ മീറ്റര്‍ബോക്‌സിനുള്ളില്‍വെച്ചശേഷം ധന്യ പ്രഭാതനടത്തത്തിന് പോയിരുന്നു. 6.05-ന് തിരികെവരുകയും ചെയ്തു. ഇതിനുള്ളില്‍ താക്കോലെടുത്ത് കതക് തുറന്ന് അകത്ത് കയറിയയാള്‍ രണ്ടുപവന്റെ വള, മൂന്നുപവന്റെ കൈച്ചെയിന്‍, 3000 രൂപ എന്നിവ മോഷ്ടിച്ചു.

ധന്യയുടെ പരാതിയില്‍ ബേക്കല്‍ പോലീസ്, വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി. അതിനിടെ പോലീസ് നായ മണംപിടിച്ച് ചുറ്റുവട്ടത്തെ പറമ്പുകളിലൂടെ ഓടിയിരുന്നു. കെ.ആര്‍. ബാലകൃഷ്ണന്റെ വളപ്പിലും പോലീസ് നായ കയറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് ഇദ്ദേഹത്തില്‍നിന്ന് മൊഴിയെടുത്തിരുന്നു. പരാതിക്കാരി സംശയം പറഞ്ഞവരുടെ കൂട്ടത്തില്‍ ബാലകൃഷ്ണന്റെ പേരുമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉച്ചയോടെ പോലീസ് സംഘം വീണ്ടും പരാതിക്കാരിയുടെ വീട്ടിലെത്തി. ബാലകൃഷ്ണന്റെ മകനോട് വിശദമായ മൊഴിനല്‍കാന്‍ അച്ഛനോട് സ്റ്റേഷനില്‍ വരണമെന്നും പറഞ്ഞേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നലെ ബാലകൃഷ്ണനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടതായി സ്ഥലത്തുണ്ടായിരുന്ന അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവര്‍തന്നെയാണ് കെട്ട് അറുത്ത് താഴെയിറക്കി പോലീസ് വാഹനത്തില്‍ ഉദുമയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീരാജ്‌പേട്ടയിലെ രാമന്‍ നായരുടെയും കല്യാണിയുടെയും മകനാണ് മരിച്ച ബാലകൃഷ്ണന്‍. ഭാര്യ: എ. രാധ. മകന്‍: അന്‍ഷിത്.

വിശദമായി അന്വേഷണം നടക്കുകയാണെന്ന് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ പറഞ്ഞു. പരാതിക്കാരി സംശയം പറഞ്ഞവരെയെല്ലാം വിശദമായ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് ബാലകൃഷ്ണനോടും മൊഴി ആവശ്യപ്പെട്ടിരുന്നതെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക