
ദിബ്രുഗഡ്: മെഡിക്കല്‍ ബിരുദാനന്തര ബിരുദ (പിജി) കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ പഠനസമയത്തു വിവാഹം കഴിക്കരുതെന്ന വിവാദ മാര്‍ഗരേഖ പിന്‍വലിച്ച് ആസാം മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ (എഎംസിഎച്ച്). പഠനകാലത്ത് വിവാഹം അടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന നിര്‍ദേശം അധികൃതര്‍ ബുധനാഴ്ചയാണ് പുറത്തുവിട്ടത്.
ഈ നിര്‍ദേശത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയും രാജ്യത്തെ വിവിധ മെഡിക്കല്‍ വിദ്യാര്‍ഥി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണു നടപടി. തങ്ങളുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണു ദേശീയ മെഡിക്കല്‍ കമ്മിഷന്റെ (എന്‍എംസി) ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതിനു കടകവിരുദ്ധമാണ് ആസാമിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ നിര്‍ദേശമെന്നാരോപിച്ച് നേരത്തേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.