
നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു $500 ബില്യണോളം നൽകിയതു വെറുതെയായിപ്പോയെന്നു ശതകോടീശ്വരൻ ഇലോൺ മസ്ക്. കോൺഗ്രസിന്റെ ഇരു സഭകളും തൂത്തുവാരിയ ഡെമോക്രാറ്റുകളുമായി സൗഹൃദം സ്ഥാപിക്കാനാണ് ഇപ്പോൾ മസ്കിന്റെ ആഗ്രഹം.
അദ്ദേഹം കാൽ കുത്തി നിൽക്കുന്ന ടെക്സസ് പോലും ഡെമോക്രാറ്റുകൾ പിടിച്ച തിരഞ്ഞെടുപ്പിനു ശേഷം റിപ്പബ്ലിക്കൻ അടിത്തറയായ 'മാഗാ' പ്രസ്ഥാനത്തെ കുറിച്ചു തനിക്കു മതിപ്പൊന്നും ഇല്ലെന്നും മസ്ക് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഇറക്കിയ പണം കൊണ്ട് നേട്ടമൊന്നും ഉണ്ടായില്ലെന്നു ന്യൂ യോർക്ക് ടൈംസ് ഡീൽബുക്ക് സമ്മിറ്റിൽ അദ്ദേഹം പറഞ്ഞു. "അത്രയും പണം കൊടുത്തത് മണ്ടത്തരം ആയിപ്പോയെന്നു എനിക്കു തോന്നുന്നു," മസ്ക് പറഞ്ഞു. "തിരിച്ചൊന്നും കിട്ടിയില്ല."
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ വിജയിപ്പിക്കാൻ മാഗാ പ്രസ്ഥാനത്തെ സജീവമായി പിന്തുണച്ച മസ്ക് ഇപ്പോൾ പറയുന്നത് ഇങ്ങിനെ: "ഞാൻ മാഗാ അല്ല. റിപ്പബ്ലിക്കൻ നയങ്ങൾ അന്ധമായി അനുസരിക്കണം എന്നു ഞാൻ കരുതുന്നുമില്ല. രണ്ടു പാർട്ടികൾക്കും നല്ല ആശയങ്ങളുടെ കുത്തക ഒന്നുമില്ല."
ടെക്സസിൽ മസ്കിന്റെ ഉറ്റ സുഹൃത്തുക്കൾ രണ്ടും ഡെമോക്രാറ്റിക് തരംഗത്തിൽ അടിതെറ്റി വീണു പോയി: ഗവർണർ ഗ്രെഗ് ആബട്ട്, സെനറ്റ് സ്ഥാനാർഥി കെൻ പാക്സ്റ്റൺ. സംസ്ഥാനത്തു മാത്രം മസ്ക് $168 മില്യൺ ഇറക്കിയിരുന്നു. ഒരിക്കലും ഈ റിപ്പബ്ലിക്കൻ കോട്ട വീഴില്ല എന്നു പ്രതീക്ഷിച്ചു തന്റെ ബിസിനസ് കേന്ദ്രീകരിച്ച സംസ്ഥാനം മസ്കിന് ഏറെ പ്രധാനമാണ്. ടെസ്ലയ്ക്കു ഓസ്റ്റിനു സമീപം വലിയ ഫാക്ടറിയുണ്ട്. സ്പെയ്സ് എക്സിനും ടെക്സസിൽ വൻ നിക്ഷേപമുണ്ട്.
നിയുക്ത ഡെമോക്രാറ്റിക് ഗവർണർ ജീന ഹിനോജോസ ആവട്ടെ, മസ്കിനു ആബട്ട് നൽകിയ നികുതി ഇളവുകളെയും സാമ്പത്തിക പിന്തുണയേയും ചോദ്യം ചെയ്തിട്ടുണ്ട്. സ്പെയ്സ് എക്സിനു വഴിവിട്ട സഹായം ലഭിച്ചെന്ന ആരോപണം അന്വേഷിക്കുമെന്നു നിയുക്ത അറ്റോണി ജനറൽ നാഥൻ ജോൺസൺ ഉറപ്പു നൽകിയിട്ടുമുണ്ട്.
ഡെമോക്രാറ്റുകളോട് സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഹിനോജോസ വളരെ മിതവാദിയാണെന്നു മസ്ക് പറഞ്ഞു. "അവരുടെ ഭരണവുമായി തനിക്കു പ്രശ്നങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല."
വൈറ്റ് ഹൗസും സെനറ്റും ഹൗസും പല പാർട്ടികളുടെ കയ്യിൽ ഇരിക്കുന്നതാണ് നല്ലതെന്നും മസ്ക് പറഞ്ഞു.
2024ൽ ട്രംപിന്റെ പ്രചാരണത്തിനു $250 മില്യൺ ഇറക്കിയ മസ്ക് തന്നെയാണ് ഇപ്പോൾ കാലു മാറ്റി ചവിട്ടുന്നത്. ട്രംപ് ആവട്ടെ, അധികാരത്തിൽ കയറിയ ഉടൻ മസ്കിനെ ഭരണ പരിഷ്കാരത്തിനുള്ള ഡി ഓ ജി ഇ മേധാവിയായി നിയമിച്ചു ആയിരങ്ങളെ പിരിച്ചു വിടാൻ അധികാരം നൽകി. 2026 ഓഗസ്റ്റ് വരെ ഏതാണ്ട് 377,000 ഫെഡറൽ ജീവനക്കാരാണ് പുറത്തായത്. യുഎസ് എയ്ഡ് അടച്ചു പൂട്ടുകയും ചെയ്ത മസ്ക് ഒടുവിൽ ട്രംപുമായി അടിച്ചു പിരിഞ്ഞു.
Musk regrets spending for GOP, woos Democrats