
ഷിക്കാഗോ നഗരപ്രാന്തമായ അറോറയിലെ പ്രമുഖ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവെപ്പ് നടത്താൻ ശ്രമിച്ചെന്ന കേസിൽ 19 വയസ്സുകാരനെതിരെ ഭീകരവാദം ഉൾപ്പെടെ 27 കുറ്റങ്ങൾ കുക്ക് കൗണ്ടി ഗ്രാൻഡ് ജൂറി ചുമത്തി. പലറ്റൈൻ സ്വദേശിയായ അലക്സാണ്ട്രോസ് പാപോറാക്കിസ് (Alexandros Paporakis) ആണ് പ്രതി.
നവംബർ 19ന് കോടതിയിൽ ഹാജരായ പ്രതി കുറ്റങ്ങൾ നിഷേധിച്ചു. സമൂഹത്തിന് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ കോടതി ഇയാളെ കസ്റ്റഡിയിൽ തുടരാൻ ഉത്തരവിട്ടു. അടുത്ത കോടതി നടപടികൾ ജനുവരി ഏഴിനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഒക്ടോബർ 11ന് നവരാത്രി ആഘോഷങ്ങളുടെ ആദ്യദിവസം അറോറയിലെ ശ്രീ വെങ്കടേശ്വര സ്വാമി ബാലാജി ക്ഷേത്രത്തിൽ ആക്രമണം നടത്താൻ പ്രതി പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ക്ഷേത്രത്തിലെത്തിയ പ്രതി ഒരാൾക്കുനേരെ തോക്ക് ചൂണ്ടി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് പ്രവർത്തിക്കാതിരുന്നതാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു.
ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു പ്രതി ആസൂത്രണം ചെയ്തിരുന്നതെന്നും അമേരിക്കയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പ്രതി ജോലി ചെയ്തിരുന്ന ടാക്കോ ബെൽ റെസ്റ്റോറന്റിലെ സഹപ്രവർത്തകർക്ക് ആക്രമണപദ്ധതിയെക്കുറിച്ച് ലഭിച്ച വിവരങ്ങളാണ് പൊലീസിന് നിർണായകമായത്. ഇന്ത്യൻ വംശജരെ കൊല്ലാൻ പദ്ധതിയുണ്ടെന്ന് പ്രതി പറഞ്ഞതായി സഹപ്രവർത്തകർ പൊലീസിനെ അറിയിച്ചു. തുടർന്ന് മൗണ്ട് പ്രോസ്പെക്ട്, പലറ്റൈൻ പൊലീസ് വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 11ന് തന്നെ പ്രതിയെ
അറസ്റ്റ് ചെയ്തു.
പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ റൈഫിൾ, വെടിയുണ്ടകൾ, ബോഡി ആർമർ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ, വെള്ളക്കാരുടെ വംശീയാധിപത്യ ആശയങ്ങളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കൂടാതെ എട്ട് പേജുകളുള്ള ഒരു രേഖയും അന്വേഷണസംഘം കണ്ടെടുത്തു. വെള്ളക്കാരുടെ വംശീയാധിപത്യത്തെയും നവനാസി ആശയങ്ങളെയും പിന്തുണയ്ക്കുന്നതും ഇന്ത്യൻ വംശജർക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്നതുമായ പരാമർശങ്ങൾ ഇതിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.
പുതിയ കുറ്റപത്രത്തിൽ ആറ് ഭീകരവാദ കുറ്റങ്ങൾ, രണ്ട് ഭീകരവാദശ്രമകുറ്റങ്ങൾ, രണ്ട് ആയുധധാരിയായ അക്രമവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, പത്ത് ഭീകരഭീഷണി കുറ്റങ്ങൾ എന്നിവയ്ക്കുപുറമെ വിവിധ ആയുധനിയമലംഘനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവദിവസം ഇല്ലിനോയ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയും കുടുംബവും ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തിയിരുന്നു. ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണശ്രമത്തെ വിദ്വേഷക്കുറ്റമായി പരിഗണിച്ച് ഫെഡറൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ നിലവിൽ പ്രതിക്കെതിരെ വിദ്വേഷക്കുറ്റമോ ഫെഡറൽ കുറ്റങ്ങളോ ചുമത്തിയിട്ടില്ല. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്ന നിലപാടിലാണ് ഇന്ത്യൻ, ദക്ഷിണേഷ്യൻ സംഘടനകൾ.