
മുംബൈ: ടൈം മാഗസിൻ പുറത്തിറക്കിയ പ്രഥമ 'ടൈം100 നെക്സ്റ്റ് ഇന്ത്യ 2026' പട്ടികയിൽ ഇടം പിടിച്ച് മലയാളികളും. നൂതനാശയക്കാരുടെ പട്ടികയിൽ ലിയോ മാവേലിയും ലീഡർമാരുടെ പട്ടികയിൽ ദിവ്യ പണിക്കരും കലാകാരന്മാരുടെ പട്ടികയിൽ ശിവൻ സന്തോഷും ഇടം പിടിച്ചു. ആർട്ടിസ്റ്റുകളുടെ പട്ടികയിൽ ദുൽഖർ സൽമാൻ, കനി കുസൃതി, ചിത്രകാരിയായ ദേവി സീതാറാം എന്നിവരും ലീഡർമാരുടെ പട്ടികയിൽ നയൻതാരയും ഇടം നേടി. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ടൈം മാഗസിൻ മാധ്യമപ്രവർത്തകർ ചേർന്ന് തിരഞ്ഞെടുത്തവരാണ് പട്ടികയിലുള്ളത്.
സമുദ്രശാസ്ത്രജ്ഞയും കടൽ സസ്തനികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞയുമായ ദിവ്യ പണിക്കർ കൊച്ചി സ്വദേശിനിയാണ്. 15 വർഷത്തിലേറെയായി, ഇന്ത്യയുടെ തീരക്കടലുകളെക്കുറിച്ച് പഠനം നടത്തിവരുന്നു.
ബെംഗളൂരു ആസ്ഥാനമായ ആക്സിയോ ബയോസൊല്യൂഷൻസ്ന്റെ സ്ഥാപകനും സിഇഒയുമാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയായ ലിയോ മാവേലി. മുറിവുകളിൽ നിന്നുള്ള അമിത രക്തസ്രാവം നിമിഷങ്ങൾക്കുള്ളിൽ തടയാൻ സഹായിക്കുന്ന ആക്സിയോസ്റ്റാറ്റ് എന്ന ബാൻഡേജ് ആണ് ആക്സിയോ ബയോസൊല്യൂഷൻസ് ഉൽപ്പാദിപ്പിക്കുന്നത്. ഡൽഹിയിൽ വെച്ച് രക്തം വാർന്നൊഴുകുന്ന ഒരു അപകടബാധിതനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ സ്വന്തം അനുഭവത്തിൽ നിന്നാണ് 'ആക്സിയോസ്റ്റാറ്റ്' ബാൻഡേജിന്റെ പിറവി .
ആലപ്പുഴ ചേർത്തല ആസ്ഥാനമായുള്ള 'നെയ്ത്ത്' എന്ന ബ്രാൻഡിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് ശിവൻ സന്തോഷ്. ആഗോള ഫാഷൻ ലോകത്തെ ഏറ്റവും വലിയ വേദിയായ മെറ്റ് ഗാലയിൽ നാലു വർഷം ലോകപ്രശസ്ത താരങ്ങൾ ചുവടുവെച്ചത് ശിവൻ സന്തോഷും ഭാര്യ നിമിഷ ശ്രീനിവാസും നെയ്തെടുത്ത പരവതാനിയിലൂടെയാണ്. ഈ ബ്രാൻഡ് നാല് വർഷം മെറ്റ് ഗാലയുടെ ഭാഗമായിട്ടുണ്ട്. മെറ്റ് ഗാലയിൽ മാത്രമല്ല വൈറ്റ് ഹൗസിലും, ബെക്കിങ്ഹാം കൊട്ടാരത്തിലും അടക്കം നെയ്ത്തിന്റെ കാർപ്പറ്റ് സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന 100 പേരെ ഉൾപ്പെടുത്തിയാണ് പ്രഥമ 'ടൈം100 നെക്സ്റ്റ് ഇന്ത്യ' പട്ടിക ടൈം മാഗസിൻ പുറത്തിറക്കിയത്. 'ടൈം100 നെക്സ്റ്റിന്റെ' ആദ്യത്തെ അന്താരാഷ്ട്ര പതിപ്പാണ് ഇത്. ഈ പട്ടികയിൽ ബിസിനസ്, വിനോദം, ശാസ്ത്രം, കായികം, സാമൂഹിക പ്രവർത്തനം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ ഇടംപിടിച്ചിട്ടുണ്ട്.
ആർട്ടിസ്റ്റുകളുടെ പട്ടികയിൽ അലി ഫസൽ, അനുപർണ റോയ്, ആരുഷി മുദ്ഗൽ, ഇപ്ഷിത ചക്രവർത്തി സിങ്, ഇഷാൻ ഖട്ടർ, ആലിയ ഭട്ട്, പാ. രഞ്ജിത്ത്, വേദാംഗ് റെയ്ന, വിക്കി കൗശൽ, സഹാൻ കപൂർ എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. അസാധാരണ പ്രതിഭകളുടെ പട്ടികയിൽ സായ് പല്ലവി, പാർവ്വതി തിരുവോത്ത് എന്നിവരും ഇടം പിടിച്ചു.
സംഗീതജ്ഞരുടെ വിഭാഗത്തിൽ അനിരുദ്ധ് രവിചന്ദർ, അറിവ്, ദിൽജിത് ദോസഞ്ച്, ഫഹീം അബ്ദുള്ള, ഇഷാൻ ഘോഷ്, ജസ്ലീൻ റോയൽ, പ്രതീക് കുഹാദ് എന്നിവർ ഉൾപ്പെടുന്നു. കായിക താരങ്ങളിൽ ഹർമൻപ്രീത് കൗർ, ലവ്ലിന ബോർഗോഹെയ്ൻ, സാനിയ മിർസ, സവിത പൂനിയ, വൈഭവ് സൂര്യവംശി, വിത്യ രാംരാജ് എന്നിവർ ആദരിക്കപ്പെട്ടു. ഫാഷൻ, കല, മാധ്യമം, സാഹിത്യം, പാചകകല എന്നീ മേഖലകളിൽ നിന്നുള്ള മസാബ ഗുപ്ത, ചിന്തൻ പാണ്ഡ്യ, ദീപ ബുള്ളർ-ഖോസ്ല, മീന കന്ദസാമി, പ്രതീക് സാധു, ഭവിത മാണ്ഡവ എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ മുംബൈ എഡിഷന്റെ ചുമതലയുള്ള റിതിക ചോപ്രയും, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയും പട്ടികയിൽ ഇടം പിടിച്ചു.
പട്ടികയുടെ പ്രകാശനത്തോടനുബന്ധിച്ച് ടൈമും റിലയൻസും സംയുക്തമായി ഡിസംബർ 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ പ്രഥമ 'ടൈം100 നെക്സ്റ്റ് ഇന്ത്യ ഗാല' സംഘടിപ്പിക്കും