Image

ഇന്ത്യൻ സന്ദർശകർക്ക് ഇനി പാസ്‌പോര്‍ട്ട് മാത്രം പോരാ; ജനുവരി ഒന്നുമുതല്‍ വിസ നിര്‍ബന്ധമാക്കി മലേഷ്യ

Published on 19 November, 2026
ഇന്ത്യൻ സന്ദർശകർക്ക് ഇനി പാസ്‌പോര്‍ട്ട് മാത്രം പോരാ;  ജനുവരി ഒന്നുമുതല്‍ വിസ നിര്‍ബന്ധമാക്കി മലേഷ്യ

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശകർക്ക് 2027 ജനുവരി ഒന്ന് മുതൽ  വിസ രഹിത പ്രവേശന സൗകര്യം പിൻവലിക്കുമെന്ന് മലേഷ്യ. ജനുവരി ഒന്നുമുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള ഫ്രീ വിസ പിന്‍വലിക്കുമെന്ന് മലേഷ്യന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇതോടെ വീസ ഇല്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 57 ആയി കുറഞ്ഞു. നിലവില്‍ നിരവധി ഇന്ത്യക്കാരാണ് മലേഷ്യന്‍ ടൂറിസം ആസ്വദിക്കാനായി അവിടെയെത്തുന്നത്.

വിസ നിർബന്ധമാക്കുമെന്നും ഡിസംബർ ഒന്നുമുതൽ അപേക്ഷകൾ നൽകാമെന്നും മലേഷ്യയിലെ ഇമിഗ്രേഷൻ വകുപ്പ് നവംബർ 17ന് പുറത്തിറക്കിയ നോട്ടീസിൽ അറിയിച്ചു.

കൊവിഡിന് ശേഷം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ഡിസംബറിൽ വിസയിലെ ഇളവ് മലേഷ്യൻ സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ 30 ദിവസത്തെ വിസ രഹിത സൗകര്യം ഉപയോഗിച്ച് തൊഴിൽ തേടി മലേഷ്യയിലേക്ക് എത്തുന്ന പൗരന്മാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ക്വലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടുത്തിടെ മുന്നറിയിപ്പ് നൽകി.

ഇത് ഇമിഗ്രേഷൻ നയങ്ങളുടെ ലംഘനമാണെന്നും ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 30 ദിവസം വരെ മലേഷ്യയിൽ തങ്ങാൻ അനുവദിക്കുന്ന വിസ രഹിത പ്രവേശന സൗകര്യം ടൂറിസത്തിനും സാമൂഹിക സന്ദർശനങ്ങൾക്കും മാത്രമേ അനുവദിച്ചിട്ടുള്ളൂയെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞിരുന്നു.

‘ഇന്ത്യൻ സന്ദർശകർക്കുള്ള വിസ ഇളവ് സൗകര്യം 2027 ജനുവരി മുതൽ പ്രാബല്യത്തിൽ ഉണ്ടായിരിക്കില്ല. ഈ തിയതി മുതൽ മലേഷ്യയിലേക്ക് വരുന്ന ഇന്ത്യൻ പൗരന്മാർ സാധുവായ വിസയെടുക്കണം. ഇതിനായി 2026 ഡിസംബർ ഒന്ന് മുതൽ MyVISA പോർട്ടൽ വഴി അപേക്ഷിക്കാം,’ മലേഷ്യയിലെ ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾക്കും വിസ കർശനമാക്കി.

മലേഷ്യയിൽ 2019 ലെ കൊവിഡ് 19ന് മുമ്പ് ഇന്ത്യൻ വിനോദ സഞ്ചാരികളുടെ 7.3 ലക്ഷത്തിൽ എണ്ണം കൂടുതലായിരുന്നു. 2024 ആയപ്പോഴേക്കും അത് 13.6 ലക്ഷവും 2025ൽ 15.6 ലക്ഷവും 2026 ജൂൺ മാസം 7.4 ലക്ഷവുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക