
തിരുവനന്തപുരം; അരിയിൽ ഷുക്കൂർ വധക്കേസിൽ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കോടതി വിധിപ്പകർപ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കളുടെ സാന്നിധ്യത്തിൽ ഗൂഢാലോചന നടത്തി ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളികളായവരും ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഷുക്കൂർ വധക്കേസിൽ ആകെ 33 പ്രതികളിൽ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ ഏഴുപേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. അഞ്ച് പ്രതികൾക്കെതിരെ അതിക്രമിച്ചുകയറൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ഒരാൾക്കെതിരെ തെളിവ് നശിപ്പിച്ച കുറ്റവുമാണ് തെളിഞ്ഞത്. 18 പ്രതികളെ കോടതി വെറുതെവിട്ടു. പി ജയരാജൻ, ടി വി രാജേഷ്, എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത് എന്നിവരടക്കമുള്ളവരെയാണ് കുറ്റവിമുക്തരാക്കിയത്. ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം വി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 14-ാം പ്രതി ഇ പി രാധാകൃഷ്ണൻ, 25-ാം പ്രതി വി വി മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി കെ അജിത് കുമാർ, 28-ാം പ്രതി പി പി സുരേശൻ, തെളിവ് നശിപ്പിച്ച കേസിലെ പ്രതി കെ വി സജിത്ത് എന്നിവർക്കും ജാമ്യം അനുവദിച്ചു. ഷുക്കൂറിനെ കുത്തിയ രണ്ടാമത്തെ ആളായ പി ഗണേശനെ വെറുതെവിട്ടത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി. 18 പ്രതികളെ വെറുതെവിട്ട കോടതി നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.