
ഇടുക്കി: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. അധ്യക്ഷ സ്ഥാനത്തേക്ക് ഉചിതമായ പേര് പാര്‍ട്ടിയുടെ ഉന്നതനേതൃത്വം ആലോചനയിലൂടെ തീരുമാനിക്കും. അര്‍ഹതയില്ലാത്ത ഒരു പദവിയും താന്‍ തേടി പോയിട്ടില്ല. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ താന്‍ അണ്‍ഫിറ്റ് ആണ് എന്നാണ് ബോധ്യമെന്നും ഡീന്‍ കുര്യാക്കോസ് പറയുന്നു.
'എന്നെ അറിയാവുന്ന ആളുകള്‍ക്ക് അറിയാം ഞാന്‍ ഈ പദവിയിലേക്ക് എന്നെ സ്വയം ഉയര്‍ത്തി കാണിക്കില്ലായെന്ന്. അര്‍ഹതയില്ലാതെ ഞാന്‍ ഒരു സ്ഥാനവും ആരോടും ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല. ഞാന്‍ ആഗ്രഹിച്ച പദവിയില്‍ എല്ലാം തന്നെ ദൈവം സഹായിച്ച് എനിക്ക് എത്തിചേരാന്‍ സാധിച്ചിട്ടുണ്ട്. എന്റെ അധ്വാനവും ,അത് തിരിച്ചറിഞ്ഞവരായ നേതാക്കളും എന്നെ നല്ല വിധത്തില്‍ സഹായിച്ചിട്ടുമുണ്ട്. അവരോടുള്ള കടപ്പാട് എന്നുമുണ്ടായിരിക്കും. അര്‍ഹതയില്ലാത്ത ഒരു പദവിയും ഞാന്‍ തേടി പോയിട്ടുമില്ല. ആ നിലയില്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ ഞാന്‍ അണ്‍ഫിറ്റ് ആണ് എന്നാണ് എന്റെ ബോധ്യം. വാട്ട്സ്ആപ്പിലും എഫ്ബിയിലും യുദ്ധം നടത്തിയല്ല ഈ പദവിയൊക്കെ തീരുമാനിക്കുന്നത് എന്ന് അറിഞ്ഞു കൊണ്ട് അതിനെയൊക്കെ പ്രോല്‍സാഹിപ്പിക്കുന്നവരായ നേതാക്കളെ പോലെ എന്നെ കരുതുകയുമരുത്.' ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടി നല്‍കിയ എല്ലാ സ്ഥാനങ്ങളിലും താന്‍ തികഞ്ഞ സംതൃപ്തിയുളളയാളാണ്. ജനപ്രതിനിധി എന്ന നിലയില്‍ താന്‍ ആത്മ വിശ്വാസത്തോടെ അധ്വാനിക്കുകയുമാണ്. പാര്‍ട്ടി ഹൈക്കമാന്റ് ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തുന്നതുവരെ അതിന് കാത്തിരിക്കുകയാണ് വേണ്ടതെന്നും, തന്നെ സ്നേഹിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ ഈ ക്യാമ്പയിനില്‍ പങ്കാളികളായിട്ടുള്ളവര്‍ നവ മാദ്ധ്യമങ്ങളിലെ ഈ ശ്രമത്തില്‍ നിന്നും പിന്തിരിയണമെന്നും ഡീന്‍ വ്യക്തമാക്കി.