
കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജന്‍, സംസ്ഥാനസമിതിയംഗം ടി.വി. രാജേഷ് എന്നിവരെ വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതിയാണ് ഇരുവരുയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. 14 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്.
32-ാം പ്രതിയായിരുന്നു ജയരാജന്‍. രാജേഷ് 33-ാം പ്രതിയും. ഇവരുള്‍പ്പെടെ 33 സി.പി.എം. പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇതില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. സുമേഷാണ് കേസില്‍ ഒന്നാംപ്രതി. പി. ഗണേശന്‍, അനൂപ്, വിജേഷ്, കെ. പ്രകാശന്‍ എന്നിവരാണ് അഞ്ചുവരെയുള്ള പ്രതികള്‍. കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയായ ഷുക്കൂര്‍ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്. 2016 ഫെബ്രുവരി എട്ടിനാണ് അന്വേഷണത്തെയും സി.പി.എമ്മിനെയും നിശിതമായി വിമര്‍ശിച്ചുള്ള ഉത്തരവിലൂടെ തുടരന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കോടതിയുടെ പ്രത്യേകാധികാരം വിനിയോഗിച്ചായിരുന്നു ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ നടപടി. പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കുറ്റത്തില്‍ നിന്നൊഴിവാക്കാന്‍ അന്വേഷണോദ്യഗസ്ഥന് കഠിനപ്രയത്നം വേണ്ടിവന്നുവെന്നും പ്രാദേശിക രാജാക്കന്‍മാര്‍ കേസന്വേഷണത്തെ നിയന്ത്രിക്കുന്നത് അനുവദിക്കാനാകില്ലെന്നും മറ്റുമുള്ള കടുത്ത പരാമര്‍ശങ്ങള്‍ അന്ന് കോടതിയില്‍ നിന്നുണ്ടായിരുന്നു.