
തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്റെ പരാമര്‍ശം തള്ളി മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ അബദ്ധം സംഭവിച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു.
പിഎം ശ്രീയില്‍ ഒപ്പിടേണ്ടി വന്ന സാഹചര്യം ബോധിപ്പിച്ചതാണെന്നും അതിലെ നിലപാടും പല തവണ വ്യക്തമാക്കിയതാണെന്നും ശിവന്‍കുട്ടി പറഞ്ഞു. പദ്ധതി സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത് പ്രത്യേക സാഹചര്യത്തിലാണ്.
കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് കേരളത്തിന് കിട്ടുന്നില്ലെന്ന പ്രശ്‌നം ഉണ്ടായിരുന്നു. ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തിയില്ല എന്നത് ശരിയാണ്. കാര്യങ്ങള്‍ കുറച്ചുകൂടി മനസിലാക്കിയ ശേഷമാണ് പദ്ധതിയില്‍ നിന്ന് പിന്മാറിയത്. അബദ്ധത്തില്‍ ഒപ്പിട്ടതാണെന്ന വാദം ശരിയല്ലെന്നും വി.ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.