Image

വീടിനുള്ളില്‍ കടന്ന് 'പടയപ്പ', വീട്ടുടമയുടെ പുതപ്പ് വലിച്ചെടുത്തു

Published on 19 November, 2026
 വീടിനുള്ളില്‍ കടന്ന് 'പടയപ്പ', വീട്ടുടമയുടെ പുതപ്പ് വലിച്ചെടുത്തു

 

മൂന്നാര്‍ (ഇടുക്കി): അര്‍ധരാത്രിയില്‍ വാതില്‍ തകര്‍ത്ത് പടയപ്പ വീടിനുള്ളില്‍ കയറി. ഉറങ്ങുകയായിരുന്ന വീട്ടുടമ പുതച്ചിരുന്ന പുതപ്പ് വലിച്ചെടുത്തു. പെട്ടെന്ന് ഉണര്‍ന്ന് ഓടിയൊളിച്ചതിനാല്‍ ഉടമ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.

ഗ്രഹാംസ് ലാന്‍ഡ് എസ്റ്റേറ്റിലെ ന്യൂ ഡിവിഷനില്‍ സൂട്ടുസ്വാമിയുടെ വീടിനുള്ളിലാണ് ആന കയറിയത്. ഈ സമയം മുറിയില്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന സൂട്ടുസ്വാമിയുടെ.  കട്ടില്‍ ആന വലിച്ചുനീക്കുകയും പുതപ്പ് വലിച്ചെടുക്കുകയുംചെയ്തു. ഭയന്നുപോയ സൂട്ടുസ്വാമി സമീപത്തുണ്ടായിരുന്ന മെഷീന്റെ പിന്നില്‍ ഒളിച്ചാണ് രക്ഷപ്പെട്ടത്.

ഭാര്യ ജയപാര്‍വതിയും ആനയുടെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തെ ലയങ്ങളിലുള്ളവര്‍ ബഹളംവെച്ച് ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും പടയപ്പ പിന്‍വാങ്ങാന്‍ തയ്യാറായില്ല.

വീടിന്റെ മേല്‍ക്കൂരയും മുന്‍വാതിലും കട്ടിലും വീട്ടുപകരണങ്ങളും തകര്‍ത്ത ആന പ്രദേശത്തെ പച്ചക്കറിക്കൃഷിയും വ്യാപകമായി നശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേന സ്ഥലത്തെത്താന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ തടിലോറി കുടുങ്ങിയതിനെ തുടര്‍ന്ന് സംഘത്തിന്റെ വരവ് വൈകിയതായി പ്രദേശവാസികള്‍ ആരോപിച്ചു. പുലര്‍ച്ചെ നാലോടെ എത്തിയ ആന രാവിലെ അഞ്ചേമുക്കാലോടെയാണ് പ്രദേശത്തുനിന്ന് മാറിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക