Image

ജെ.പി.യുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ടി. എബ്രഹാം അന്തരിച്ചു

Published on 19 November, 2026
 ജെ.പി.യുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ടി. എബ്രഹാം അന്തരിച്ചു

 

മാന്നാര്‍(ആലപ്പുഴ): സോഷ്യലിസ്റ്റ് നേതാവ് ലോക്നായക് ജയപ്രകാശ് നാരായണന്റെ (ജെ.പി.) പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ആലപ്പുഴ മാന്നാര്‍ കുട്ടമ്പേരൂര്‍ കുന്നയ്ക്കല്‍  ടി. എബ്രഹാം (കൊച്ചുകുഞ്ഞ്-93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖംമൂലം ചികിത്സയിലിരിക്കേ ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം.

1965 മുതല്‍ 1979-ല്‍ ജെ.പി.യുടെ അന്ത്യംവരെയുള്ള 14 വര്‍ഷം അദ്ദേഹത്തിന്റെ നിഴല്‍പോലെ കൂടെയുണ്ടായിരുന്ന എബ്രഹാം, പിന്നീട് എറണാകുളത്ത് ടാറ്റാ കമ്പനിയില്‍ പി.ആര്‍.ഒ. ആയിരുന്നു. വിരമിച്ചശേഷം മാന്നാര്‍ കുട്ടമ്പേരൂരിലെ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തൊഴില്‍തേടി ഭോപാലിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ പഞ്ചായത്തു പരിഷത്തില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്യുമ്പോഴാണ് ജയപ്രകാശ് നാരായണനെ കണ്ടതും ഒപ്പം കൂടിയതും.

ബംഗ്ലാദേശ് വിമോചന പ്രവര്‍ത്തനം, ചമ്പല്‍ക്കൊള്ളക്കാരുടെ കീഴടങ്ങല്‍, ബിഹാര്‍ വിദ്യാര്‍ഥിപ്രക്ഷോഭം എന്നിവയിലെല്ലാം ജെ.പി.ക്കൊപ്പം എബ്രഹാമും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിലും ജെ.പി.യുടെ ജയില്‍വാസത്തിലും ജനതാപാര്‍ട്ടി രൂപവത്കരിച്ച് കേന്ദ്രത്തില്‍ അധികാരമാറ്റമുണ്ടാക്കിയ കാലത്തും വിദേശരാജ്യ സന്ദര്‍ശനങ്ങളിലും എബ്രഹാം സാക്ഷിയായി.

രോഗം ബാധിച്ച് ജെ.പി. മുംബൈയിലെ ജസ്ലോക് ആശുപത്രിയില്‍ കഴിഞ്ഞ നാളുകളിലും അദ്ദേഹത്തെ പരിചരിച്ച് കൂടെയുണ്ടായിരുന്നു. എബ്രഹാമിന്റെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ഫാ. എബ്രഹാം കോശി കുന്നുംപുറത്ത് രചിച്ച 'ജയപ്രകാശ് നാരായണന്റെ നിഴലായി ഒരാള്‍' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു.  തിരുവല്ല കടപ്ര തുള്ളക്കളത്തില്‍ കുടുംബാംഗം അമ്മിണിയാണു ഭാര്യ.

മക്കള്‍: മിനി ജേക്കബ്, ടോം പ്രകാശ്, പ്രഭാഷ് (എല്ലാവരും കുവൈത്ത്). മരുമക്കള്‍: ജേക്കബ്, ആശ, സൂസന്‍ (എല്ലാവരും കുവൈത്ത്). സംസ്‌കാരം വെള്ളിയാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം കുട്ടമ്പേരൂര്‍ സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ (മുട്ടേല്‍ പള്ളി) സെമിത്തേരിയില്‍. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക