
റാന്നി: ശബരിമല തീര്‍ഥാടനകാലയളവില്‍ മോഷണം നടത്തുന്നതിനായി എത്തിയതാണെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ റാന്നി പോലീസ് പിടികൂടി. ബസ് ജീവനക്കാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിലാണ് ഇവരെ പിടികൂടാനായത്. വിവിധ മോഷണക്കേസുകളില്‍ പ്രതികളായ ഇവരില്‍ ഒരാളുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയില്‍ കണ്ടെത്തി.
ബുധനാഴ്ച പകല്‍ 12.30-ഓടെയാണ് സംഭവം. കോഴഞ്ചേരിയില്‍നിന്ന് റാന്നിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസില്‍ കയറിയ രണ്ട് യുവതികള്‍ ബസില്‍ വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ സംശയം തോന്നിയ ജീവനക്കാര്‍ റാന്നി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പി.ടി. ഷിന്റോയെ വിവരം അറിയിച്ചു. യുവതികളുടെ പെരുമാറ്റത്തില്‍ സംശയവും ജീവനക്കാര്‍ പ്രകടിപ്പിച്ചു.
തുടര്‍ന്ന് ഷിന്റോ റാന്നി ഡിവൈ.എസ്.പി. ജി. സന്തോഷ് കുമാറിനെ വിവരം അറിയിച്ചു. ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം എസ്.ഐ. എസ്. സിബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുന്‍പില്‍ ബസ് തടഞ്ഞുനിര്‍ത്തി യുവതികളെ കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ 21,000 രൂപ കണ്ടെത്തിയത്. ഇവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും വിവിധ സ്ഥലങ്ങളിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തിയത്.
തമിഴ്‌നാട് കോയമ്പത്തൂര്‍ കൊഴിഞ്ഞമ്പാറ സ്വദേശിനി ഭവാനി, അനു എന്നീ പേരുകളിലും അറിയപ്പെടുന്ന പാര്‍വതി, തൂത്തുക്കുടി അണ്ണാനഗര്‍ സ്വദേശിനി ലക്ഷ്മി, പാര്‍വതി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഗീത എന്നിവരാണ് പിടിയിലായത്.
ശബരിമല തീര്‍ഥാടന സീസണുമായി ബന്ധപ്പെട്ട് എരുമേലിയിലും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലും മോഷണം നടത്തുന്നതിനായി എത്തിയതാണോ ഇവരെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ,
ശില്പ, സിവില്‍ പോലീസ് ഓഫീസര്‍ അന്‍സല്‍ ജബ്ബാര്‍ എന്നിവരാണ് എസ്.ഐ.ക്കൊപ്പം പോലീസ് സംഘത്തിലുണ്ടായിരുന്നത്.